ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കും

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കും. പ്രധാന താരങ്ങളൊക്കെ ഇംഗ്ലണ്ട് പര്യടത്തിനു പോകുമ്പോൾ അവർക്കൊപ്പം പരിശീലകൻ രവി ശാസ്ത്രിയും ഇംഗ്ലണ്ടിലേക്ക് പോകും. അതുകൊണ്ട് തന്നെ ശാസ്ത്രിക്ക് പകരമാണ് ദ്രാവിഡിന് ഈ ചുമതല ഏല്പിച്ചിരിക്കുന്നത്.
ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെയൊക്കെ പരിശീലകനായി സേവനം അനുഷ്ടിച്ചുള്ള ദ്രാവിഡ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച താരങ്ങളെ കണ്ടെടുത്തിട്ടുള്ള ആളാണ്. ഇന്ത്യയുടെ ശക്തമായ ടാലൻ്റ് പൂളിൽ ദ്രാവിഡിനും സുപ്രധാന പങ്കുണ്ട്.
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പരമ്പരയുടെ വേദികൾ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. ജൂലൈ 13ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ 16, 19 തിയ്യതികളിൽ അവശേഷിക്കുന്ന ഏകദിന മത്സരങ്ങൾ നടക്കും. പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മുതിർന്ന താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയോ ശിഖർ ധവാനോ നയിച്ചേക്കും. ശ്രേയാസ് അയ്യർ പരുക്കിൽ നിന്ന് മോചിതനാവുമെങ്കിൽ അയ്യരാവും ക്യാപ്റ്റൻ.
സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ചഹാർ, രാഹുൽ ചഹാർ, മായങ്ക് അഗർവാൾ, പാണ്ഡ്യ സഹോദരന്മാർ, ടി നടരാജൻ, പൃഥ്വി ഷാ, വരുൺ ചക്രവർത്തി, രാഹുൽ തെവാട്ടിയ, ഖലീൽ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടിയേക്കും.
Story Highlights: Rahul Dravid to be head coach for India’s tour of Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here