Advertisement

കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന സംതൃപ്തിയോടെ- നന്ദി പറഞ്ഞ് കെ.കെ ശൈലജ

May 21, 2021
1 minute Read

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് സർക്കാർ നയത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായാണ് എന്നും കെ.കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും..

‘സംഭവബഹുലമായ 5 വർഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേർന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് ഏറെ സഹായകരമായി. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളെയും അപേക്ഷിച്ച് കോവിഡിന്റെ ആഘാതം കുറച്ചു കൊണ്ടുവരുന്നതിന് കഴിഞ്ഞു. ഗവൺമെൻറ് പ്രഖ്യാപിച്ച നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസം, ആർദ്രം എന്നിവ ജനജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആശാവഹമാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് ഗവൺമെൻറ് നയത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്.

വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവർത്തിച്ച ഓഫീസിലെ ജീവനക്കാർ എനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ എന്തിനും താങ്ങായി നിന്നവർ കഠിനപ്രയത്‌നം നടത്തിയ അവരുടെയൊക്കെ പരിശ്രമത്തിന് നന്ദി പറഞ്ഞു തീർക്കാൻ കഴിയില്ല. എല്ലാറ്റിലുമുപരി മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും, പാർട്ടിയും എൽഡിഎഫ് മുന്നണിയും നൽകിയ പിന്തുണയുമാണ് ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നത്. കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസത്തോടെ സംതൃപ്തിയോടെ ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി’.

മെഡിക്കൽ കോളജ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആർദ്രം പദ്ധതി, അമൃതം ആരോഗ്യ പദ്ധതി തുടങ്ങി ആരോഗ്യമേഖലയിൽ നടപ്പിലാക്കാൻ കഴിഞ്ഞ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും കെ.കെ.ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു.

Story Highlights: kk shailaja, former health minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top