കെപിസിസി അധ്യക്ഷ പദവി; തർക്കമില്ലെന്ന് ഉമ്മൻ ചാണ്ടി

കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണ്. തൻ്റെ നിലപാട് എഐസിസിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ചനടത്തിയിട്ടില്ല. ബോധപൂർവം സൃഷ്ടിക്കപ്പെട്ട വാർത്തകളിൽ പ്രവർത്തകർ വീണുപോകരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നുണ്ട്. വി ഡി സതീശന് എതിരെയുള്ള മുതിർന്ന നേതാക്കളുടെ സമ്മർദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമൽനാഥും ചിദംബരവും അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
കമൽനാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത് മുതലായവർ ചെന്നിത്തലയെ മാറ്റുന്നത് ഉചിതമാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. രമേശിന്റെയും സതീശന്റെയും പേരിൽ തർക്കം രൂക്ഷമായതോടെ ആണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത്. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യം എന്നതും അനുകൂല ഘടകമാണ്.
പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവ നേതൃത്വം വേണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ അഭിപ്രായം. ആശയ വിനിമയം പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകും എന്നും എഐസിസി വക്താക്കൾ അറിയിച്ചിരുന്നു.
Story Highlights: KPCC presidency; Oommen Chandy says there is no dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here