കൊച്ചി ടസ്കേഴ്സിൽ കളിച്ച താരങ്ങളുടെ 35 ശതമാനം ശമ്പളം ഇനിയും ലഭിച്ചിട്ടില്ല; ബ്രാഡ് ഹോഡ്ജ്

കേരളത്തിൽ നിന്നുള്ള ഐപിഎൽ ടീം ആയിരുന്ന കൊച്ചി ടസ്കേഴ്സിൽ കളിച്ച താരങ്ങളുടെ 35 ശതമാനം ശമ്പളം ഇനിയും ലഭിച്ചിട്ടില്ല എന്ന് ക്ലബ് താരവും മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറുമായ ബ്രാഡ് ഹോഡ്ജ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹോഡ്ജിൻ്റെ വെളിപ്പെടുത്തൽ. വനിതാ ക്രിക്കറ്റ് താരങ്ങളുടെ ടി-20 ലോകകപ്പ് പ്രൈസ് മണി ഇനിയും നൽകിയിട്ടില്ലെന്ന വാർത്തയ്ക്ക് റിപ്ലേ ആയിട്ടാണ് ഹോഡ്ജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഐപിഎൽ കളിച്ച കൊച്ചി ടസ്കേഴ്സിൽ നിന്നും ഇനിയും 35 ശതമാനത്തോളം ശമ്പളം കളിക്കാർക്ക് ലഭിക്കാനുണ്ട്. ആ പണം എങ്ങനെയെങ്കിലും നൽകാൻ ബിസിസിഐക്ക് സാധിക്കുമോ? ഒരു വർഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്നാൽ അത് ബിസിസിഐ പിടിച്ചുവെക്കുന്നതാണ്.”- ഹോഡ്ജ് ട്വീറ്റ് ചെയ്തു.
2008ൽ എട്ട് ടീമുകളുമായി തുടങ്ങിയ ഐപിഎൽ 2011ൽ 10 ടീമുകളാക്കി അധികരിപ്പിക്കുമ്പോഴായിരുന്നു ടസ്കേഴ്സിൻ്റെ രംഗപ്രവേശനം. പൂനെ വാരിയേഴ്സിനൊപ്പം കൊച്ചി ടസ്കേഴ്സും ഐപിഎൽ കളിച്ചു. സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ച ടസ്കേഴ്സ് അടുത്ത സീസണിൽ പുറത്ത്. വ്യവസ്ഥകൾ ലംഘിച്ചു എന്നതായിരുന്നു ബിസിസിഐ കണ്ടെത്തിയ കുറ്റം. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അതിന് സാധിച്ചില്ല. തുടർന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാർ ബിസിസിഐ റദ്ദാക്കുകയായിരുന്നു.
ബിസിസിഐയുടെ നിലപാടിനെതിരെ ടീം ഉടമകൾ ആർബിട്രേറ്ററിനെ സമീപിച്ചു. 2015ൽ ബിസിസിഐ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേറ്റർ വിധിച്ചു. എന്നാൽ അത് നൽകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് പലിശയടക്കം ഇപ്പോൾ 800 കോടിയിലെത്തി നിൽക്കുകയാണ്.
Story Highlights: 35 per cent salary yet to be by paid for Kochi Tuskers players: Brad Hodge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here