നാരദ കൈക്കൂലിക്കേസ്; സുപ്രിംകോടതിയെ സമീപിച്ച് സിബിഐ

നാരദ കൈക്കൂലി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് സിബിഐ. തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ഹർജിയിൽ സിബിഐ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിശാല ബെഞ്ചിന് വിട്ട നടപടിയെയും ചോദ്യം ചെയ്തു. സിബിഐ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.
ജാമ്യം അനുവദിക്കുന്നതിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡലും, ജസ്റ്റിസ് അരിജിത്ത് ബാനർജിയും തമ്മിൽ വിയോജിപ്പുണ്ടായതോടെയാണ് കേസ് അഞ്ചംഗ വിശാല ബെഞ്ചിന് വിട്ടത്. അന്തിമ തീരുമാനമെടുക്കും വരെ നേതാക്കളെ വീട്ടുതടങ്കലിൽ സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിബിഐ പ്രത്യേക കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്ത നടപടിക്കെതിരെ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി എന്നിവരാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഗവർണർക്കെതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്കെതിരെ ജനങ്ങൾ പൊലീസിന് പരാതി നൽകണമെന്നും കല്യാൺ ബാനർജി പ്രതികരിച്ചു.
Story Highlights: Narada bribery case; CBI approaches Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here