അഗ്യൂറോയ്ക്ക് പകരകാരനില്ല; കണ്ണീരണിഞ്ഞ് പെപ് ഗ്വാർഡിയോള: വിഡിയോ

സ്ട്രൈക്കർ സെർജിയോ അഗ്യൂറോ ടീം വിടുന്നതിൽ വികാരാധീനനായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. അഗ്യൂറോയ്ക്ക് പകരക്കാരനില്ലെന്ന് പെപ് പറഞ്ഞു. അവസാന ലീഗ് മത്സരത്തിനു ശേഷം സ്കൈ സ്പോർട്സ് അവതാരകനോട് സംസാരിക്കുന്നതിനിടെയാണ് ഗ്വാർഡിയോള അഗ്യൂറോയുടെ വിടവാങ്ങലിൽ കണ്ണീരണിഞ്ഞത്.
‘ഞങ്ങൾക്കെല്ലാം വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അഗ്യൂറോ. ഒരു മനുഷ്യനെന്ന നിലയിലും ഫുട്ബോൾ താരമെന്ന നിലയിലും അദ്ദേഹം നല്ല മനുഷ്യനാണ്. എന്നെ വളരെയധികം സഹായിച്ച താരം. അഗ്യുറോയ്ക്ക് പകരക്കാരൻ ഇല്ല. അദ്ദേഹത്തിനു പകരക്കാരനെ കണ്ടെത്താനാവില്ല. അദ്ദേഹത്തെപ്പോലുള്ള താരങ്ങളാണ് ഈ ക്ലബിനെ ഇങ്ങനെ ആക്കിയത്. അവസാന മത്സരത്തിൽ വെറും 20 മിനിറ്റിനുള്ളിൽ അദ്ദേഹം തന്റെ കളിയുടെ നിലവാരമെന്താണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി’- പെപ് വ്യക്തമാക്കി.
അതേസമയം, അർജൻറീനൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ട്. താരവുമായി ബാഴ്സ 2 വർഷത്തെ കരാറിൽ ഒപ്പുവച്ചതായി ട്രാൻസ്ഫർ വിദഗ്ധൻ ഫബ്രിസിയോ റൊമാനോ അറിയിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 10 വർഷം കളിച്ച ശേഷമാണ് അഗ്യൂറോ ബാഴ്സയിലെത്തുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്സലോണ ഔദ്യോഗികമായി ട്രാൻസ്ഫർ പ്രഖ്യാപിക്കും. അഗ്യൂറോ കൂടി എത്തുന്നതോടെ മെസി ക്ലബ് വിടാനുള്ള സാധ്യത കുറയുമെന്നാണ് വിലയിരുത്തൽ.
അത്ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തിയത്. സിറ്റിയ്ക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകളാണ് താരം നേടിയത്. സിറ്റിയ്ക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർസും അഗ്യൂറോയുടെ പേരിലാണ്.
Story Highlights: Pep Guardiola’s Teary-Eyed Farewell Speech For Sergio Aguero
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here