അലോപ്പതി വിരുദ്ധ പ്രസ്താവന പിൻവലിച്ച് ബാബാ രാംദേവ്; പക്വതയുള്ള നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അലോപ്പതി വിരുദ്ധ പ്രസ്താവന പിൻവലിച്ച് വിവാദ യോഗ ഗുരു ബാബാ രാംദേവ്. കൊവിഡ് മരണങ്ങളെക്കാൾ കൂടുതൽ ആധുനിക വൈദ്യചികിത്സയിലൂടെയുണ്ടായിട്ടുണ്ടെന്നായിരുന്നു രാം ദേവിൻറെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ഇതോടെ താൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നതായി യോഗാഗുരു ട്വീറ്റ് ചെയ്തു. ഹർഷവർധൻറെ കത്ത് ലഭിച്ചു. ഈ സന്ദർഭത്തിൽ, വ്യത്യസ്ത ചികിത്സകളിലെ വൈരുദ്ധ്യം സംബന്ധിച്ച എല്ലാ വിവാദങ്ങളും ഖേദത്തോടെ അവസാനിപ്പിക്കുകയാണ്. തൻറെ പ്രസ്താവന പിൻവലിക്കുന്നതായും രാം ദേവ് ട്വീറ്റിൽ പറഞ്ഞു.
അതേസമയം അലോപ്പതി ചികിത്സാ രീതിക്കെതിരെ നടത്തിയ വിവാദം പരാമർശം പിൻവലിച്ച ബാബാ രാംദേവിന്റെ നടപടി പക്വതയുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ വിവാദം അവസാനിക്കുകയാണ്. കൊവിഡിനെ എങ്ങനെയാണ് ഇന്ത്യ നേരിടുന്നതെന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കണം -ഹർഷവർധൻ പറഞ്ഞു.
നേരത്തെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പിൻ വലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാം ദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാം ദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here