കൊടകര കുഴൽപ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷർ കെജി കർത്തയെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷർ കെജി കർത്തയെ നാളെ ചോദ്യം ചെയ്യും. ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. ബിജെപി സംഘടനാ സെക്രട്ടറി ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. അതേസമയം കേസിൽ നിയമവിരുദ്ധ പ്രവർത്തനമാണ് പോലീസ് നടത്തുന്നതെന്നും, ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ അന്വേഷണ ഉദ്യോഗസ്ഥൻ പികെ രാജു ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. കർത്ത ധർമ്മരാജനുമായി നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കർത്തയെ ചോദ്യം ചെയ്യുന്നത്. എന്നാൽ കവർച്ച കേസ് അന്വേഷണം എങ്ങും എത്തിയില്ലെന്നും, കേസ് ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള പൊലീസ് ശ്രമം വിജയിക്കില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി. എത്രയും വേഗം ഹാജരാകണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തിരുന്ന കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Story Highlights: BJP Alappuzha district treasurer will be questioned tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here