ഫ്രണ്ട്സ് റീയൂണിയൻ; ഇന്ത്യയിൽ സീ5 സ്ട്രീം ചെയ്യും

ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാർജിച്ച സിറ്റ്കോം എന്ന വിശേഷണമുള്ള ‘ഫ്രണ്ട്സിൻ്റെ’ റീയൂണിയൻ എപ്പിസോഡ് ഇന്ത്യയിൽ സീ5 സ്ട്രീം ചെയ്യും. എച്ച്ബിഓ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങുന്ന അതേ ദിവസം, മെയ് 27നു തന്നെ സീ5ലും സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 12.32നാണ് സ്ട്രീമിങ് ആരംഭിക്കുക.
ഡേവിഡ് ബെക്കാം, ജസ്റ്റിൻ ബീബർ, ബിടിഎസ്, ജെയിംസ് കോർഡൻ, സിൻഡി ക്രോഫോർഡ്, ലേഡി ഗാഗ, മിൻഡി കേലിങ്, റീസ് വിതർസ്പൂൺ, മലാല യൂസുഫ്സായ് തുടങ്ങി ഒരുപിടി പ്രമുഖരാണ് ഫ്രണ്ട്സ് റീയൂണിയൻ എപ്പിസോഡിൽ ഗസ്റ്റ് റോളുകളിൽ എത്തുന്നത്. ഇവർക്കൊപ്പം ഫ്രണ്ട്സിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജെന്നിഫർ ആനിസ്റ്റൺ, കോർട്നി കോക്സ്, ലിസ കുദ്രോ, മാറ്റ് ലിബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മർ എന്നിവരും അണിനിരക്കും.
വാർണർ ബ്രോസ് സ്റ്റുഡിയോസിലായിരുന്നു എപ്പിസോഡിൻ്റെ ചിത്രീകരണം. മുൻപ് ഫ്രണ്ട്സ് ചിത്രീകരിച്ച ലൊക്കേഷനുകൾ സ്പെഷ്യൽ എപ്പിസോഡിനായി വീണ്ടും നിർമിച്ചിരുന്നു.
1994നു സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സ് 10 സീസണുകൾ കൊണ്ട് ലോകമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയെടുത്തു എന്നതിനപ്പുറം ഇപ്പോഴും മടുപ്പില്ലാതെ ആളുകൾ കാണുന്നുണ്ട്. റോസ്, ചാൻഡ്‌ലർ, റോസിൻ്റെ സഹോദരിയും ചാൻഡ്‌ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിൻ്റെ ഭാര്യ റേച്ചൽ, ഫീബി എന്നീ ആറു സുഹൃത്തുക്കളുടെ ജീവിതമാണ് സീരീസ് പറയുന്നത്.
Story Highlights: Friends Reunion Out May 27 On Zee5 in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here