Advertisement

യാസ് ഇന്ന് ഒഡിഷ തീരം തൊടും

May 26, 2021
1 minute Read

അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച യാസ് ഇന്ന് രാവിലെ ഒഡിഷ തീരത്തെത്തും. ഉച്ചയോടെ കാറ്റ് കരതൊടും. ചുഴലിക്കാറ്റിന് മുന്നോടിയായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബംഗാളിലെ പാണ്ഡുവയില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നാല്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബംഗാളില്‍ പതിനൊന്നര ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡിഷയിലെ അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്.

ഒഡിഷയിലെ ഏഴ് ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണി വരെ അടച്ചിടും. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാവിലെ എട്ടര മുതല്‍ വൈകിട്ട് ഏഴേമുക്കാല്‍ വരെ പ്രവര്‍ത്തിക്കില്ല. ബംഗാള്‍, ഒഡിഷ, ഛത്തിസ്ഗഡ്, ബിഹാര്‍, ഝാര്‍ഗണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ 112 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. വടക്കന്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്കിടയില്‍ പാരദ്വീപിനും സാഗര്‍ദ്വീപിനും മധ്യേ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷയിലെ ധമ്ര, പാരദ്വീപുകള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യാസിന്റെ സഞ്ചാര പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 40 കി.മി വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവരും തീരദേശ പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Story Highlights: yaas cylone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top