ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി ഉണ്ടാക്കി; 15 വാഹനങ്ങളും ബിരിയാണി ചെമ്പും പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറത്തു കരുവാരകുണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുപ്പതോളം പേർ ചേർന്ന് ബിരിയാണി വെക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കൾ ചേർന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.
പോലീസിനെ കണ്ടതും ഒത്തുകൂടിയവർ ഓടി രക്ഷപെട്ടു. ഇവർ എത്തിയ വാഹനങ്ങളും ബിരിയാണി ചേമ്പും മറ്റ് പാത്രങ്ങളും കരുവാരകുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പും ഇത്തരത്തിൽ സംഭവങ്ങൾ അവിടെ അരങ്ങേറിയിരുന്നു.
ട്രിപ്പിൾ ലോക്ക്ഡൗൺ പത്താം ദിവസം പിന്നിടുമ്പോഴും മലപ്പുറത്ത് രോഗബാധയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇന്നലത്തെ കണക്ക് പ്രകാരം കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നതിന്റെ സൂചനയുണ്ടെങ്കിലും മറ്റ് ജില്ലകളിലേതിന് സമാനമായ കുറവില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഇന്നലെയും മലപ്പുറത്താണ്. 4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനമായിരുന്നു. ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതൽ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡി.സി.സി., സി.എഫ്.എൽ.ടി.സി. കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.
ട്രിപ്പിൾ ലോക്ഡൗണിൽ ഇന്നലെ മുതൽ ചെറിയ ഇളവുകൾ ജില്ലാ കലക്ടർ അനുവദിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾക്കും, വളം, കീടനാശിനി, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here