കെപിസിസിക്ക് മുന്നിൽ കെ സുധാകരന് വേണ്ടി പോസ്റ്റർ പ്രതിഷേധം; യുഡിഎഫ് യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല

കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ പ്രതിഷേധം. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്. ഇതേത്തുടർന്ന് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. മറ്റ് പ്രവർത്തകർ ബാനർ പിടിച്ച് വാങ്ങി.
ഇന്ദിരാഭവനിൽ യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ രംഗത്തെത്തിയത്. അതേസമയം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽകും. കെപിസിസി പ്രസിഡൻറ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടത്. എന്നാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് അറിയിച്ച് അദ്ദേഹം ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേരുന്ന ആദ്യ നിർണ്ണായക യോഗമെന്ന പ്രത്യേകത ഇന്നത്തെ യുഡിഎഫ് യോഗത്തിന് ഉണ്ട്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിർണായക തീരുമാനങ്ങളും യോഗത്തിൽ എടുത്തേക്കും. യുഡിഎഫ് ചെയർമാനായി രമേശ് ചെന്നിത്തല തുടരുമോ വി.ഡി. സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം. കാലങ്ങളായി പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയർമാനാകുന്നത്. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ചെന്നിത്തലയെ ചെയർമാനായി നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിലും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എം. ഹസൻ കൺവീനർ സ്ഥാനം ഒഴിയാൻ തയാറാകുമോയെന്നതും നിർണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here