സുശാന്ത് ചിത്രം ബയോംകേഷ് ബക്ഷിയുടെ രണ്ടാം പതിപ്പ് ഉണ്ടായേക്കും; സുശാന്തും അത് ആഗ്രഹിച്ചിരുന്നു; ദിബാകർ ബാനർജി

ബോളിവുഡ് ചിത്രം ‘ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി’യുടെ രണ്ടാം പതിപ്പിന്റെ സാധ്യതകൾ പങ്കുവെച്ച് സംവിധായകൻ ദിബാകർ ബാനർജി. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഇറക്കാൻ താൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. ചിത്രത്തിന് പുതിയ നിർമ്മാതാക്കളെ ആവശ്യമാണെന്ന് തോന്നി. സ്വാഭാവികമായും രണ്ടാം പതിപ്പിൽ സുശാന്തിന് പകരം മറ്റൊരു നായകനെ അവതരിപ്പിച്ചേനെ എന്നും ദിബാകർ പറഞ്ഞു.
‘ഒരുപക്ഷേ പുതിയ നായകൻ ആവണം രണ്ടാം പതിപ്പിൽ വേണ്ടതെന്ന് സുശാന്തും ആഗ്രഹിച്ചിരുന്നു. ഞാൻ വിശ്വസിക്കുന്നതും അത് തന്നെയാണ്. സുശാന്തിനെക്കുറിച്ച് സംസാരിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷമേ അവനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ തുറന്നുപറയാൻ കഴിയു. അദ്ദേഹം നമ്മോടൊപ്പമില്ലെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം സംഭവിച്ചതെല്ലാം മറ്റൊന്നാണ്, അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ധാരാളം ഓർമ്മകളുണ്ട്, പക്ഷേ എനിക്ക് ഇപ്പോൾ അവയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ൽ ഇറങ്ങിയ ആദ്യ പതിപ്പിൽ സുശാന്ത് സിംഗ് രജ്പുതായിരുന്നു നായകൻ. നിരൂപക സ്വീകാര്യത ലഭിച്ചെങ്കിലും ബോക്‌സോഫീസിൽ ചിത്രത്തിന് മികച്ച പ്രകടനം നടത്താനായില്ല. എഴുത്തുകാരൻ ശരദിന്ദു ബന്ദോപാധ്യായയുടെ പ്രശസ്ത കഥാപാത്രമായ ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷിയെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചത്. 2020 ജൂൺ 14 നാണ് സുഷാന്തിനെ മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here