ധനുഷിനൊപ്പം ജോജു ജോർജ്, ഒപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും!; ‘ജഗമേ തന്തിരം’ ട്രെയിലർ ഉടനെത്തും, ആകാംക്ഷയോടെ സിനിമാപ്രേമികൾ!

ധനുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം റിലീസിന് തയ്യാറെടുക്കുകയാണ്. ധനുഷ് ‘ജഗമേ തന്തിരം’ എന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് എത്തുന്നത്. ധനുഷിനൊപ്പം സുപ്രധാന വേഷത്തിൽ ജോജു ജോർജ്ജാണ് എത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ പ്രതീക്ഷയുള്ള നടന്മാരിൽ ഒരാളായി മാറിയ നടനാണ് ജോജു ജോർജ്. ജോജുവിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ജഗമേ തന്തിരം. ധനുഷിനൊപ്പം ജോജുവിൻ്റെ ചിത്രവുമടങ്ങുന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ താരം രണ്ടാം സെൻട്രൽ ക്യാരക്ടറായാണ് എത്തുന്നത്.
‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന സീരിസിൽ അഭിനയിച്ച ജെയിംസ് കോസ്‌മോ, ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സഞ്ചന നടരാജൻ, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെർമെയ്ൻ, ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘
ജഗമേ തന്തിരത്തിന്റെ ട്രെയിലർ ജൂൺ ഒന്നാം തീയതി നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്യും.
ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാം തമിഴ് ചിത്രം കൂടിയാണ് ഇത്. രജിനികാന്ത് ചിത്രം ‘പേട്ട’യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജഗമേ തന്തിരത്തിനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ഇറ്റാലിയന്‍ ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചി പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ച ‘അന്ത്യ അത്താഴ’ത്തിന്റെ മാതൃകയിലായിരുന്നു ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ മുൻപ് പുറത്ത് വിട്ടിരുന്നത്.
ധനുഷിൻ്റെ കരിയറിലെ നാല്‍പതാം ചിത്രം കൂടിയാണ് ജഗമേ തന്തിരം. ചിത്രത്തിന്റെ പ്രധാന രംഗങ്ങളൊക്കെ ചിത്രീകരിച്ചത് ലണ്ടനിൽ വെച്ചായിരുന്നു. കലൈയരശനും ഒരു കഥാപാത്രമായി എത്തുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററുകൾ ധനുഷ് നേരത്തേ തന്നെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ രകിട്ടാ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്, തെലുങ്ക് എന്ന ഭാഷകളിലായി ചിത്രം പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ചിത്രം സംഗീതത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. അതേസമയം ദിനേശ് സുബ്ബരായനാണ് സംഘട്ടനം ഒരുക്കുന്നത്. മുൻപ് മെയ് ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തീയേറ്ററുകൾ പൂട്ടിയപ്പോൾ റിലീസ് മാറ്റുകയായിരുന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സുമായി കരാറിലേർപ്പെട്ടത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here