കുഞ്ഞുമോൻ ആദ്യം അകത്തുകയറൂ, എന്നിട്ടാവാം സ്വാഗതം; കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ

ആർഎസ്പിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂർ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോൺ. കുഞ്ഞുമോൻ ആദ്യം അകത്ത് കയറൂ. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി നൽകിയത്.
ഷിബു ബേബി ജോണിന്റെ പ്രതികരണം
‘ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’
ആർഎസ്പി എന്നും ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കേണ്ട പാർട്ടിയാണെന്നായിരുന്നു കോവൂർ കുഞ്ഞുമോന്റെ പ്രതികരണം. ‘ഷിബു ബേബി ജോണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആർഎസ്പി എൽഡിഎഫിലേക്ക് വരണം. പാർട്ടി ശക്തിപ്പെട്ടെങ്കിൽ മാത്രമേ പ്രാദേശിക തലത്തിലും നിയമസഭയിലും അടക്കം എംഎൽഎമാരുടെ വർധനവ് ഉണ്ടാക്കാൻ കഴിയൂ. ഞങ്ങൾ ആർഎസ്പിയെ സ്വാഗതം ചെയ്യുകയാണ്’. പാർട്ടി ഏകീകരണമുണ്ടാകണമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് ആർഎസ്പിയിൽ ഭിന്നത രൂക്ഷമായത്. രണ്ടാം വട്ടവും ചവറയിൽ തോൽവി ഏറ്റുവാങ്ങിയ ഷിബു ബേബി ജോൺ പാർട്ടിയിൽനിന്ന് അവധിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോൺ പങ്കെടുത്തിരുന്നില്ല.
ആർഎസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ല എന്നാണ് പഴയ നേതാക്കളുടെ പരാതി. ഇതുതന്നെയാണ് ഷിബു ആർഎസ്പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നതിന് കാരണം. ഒരിക്കലും പരാജയപ്പെടാത്ത, പാർട്ടിയുടെ ഉറച്ച കോട്ടയായ ചവറയിലാണ് 2016ലും 2021ലും ഷിബു ബേബി ജോൺ തോൽക്കുന്നത്.
Story Highlights: kovoor kunjumon, shibu baby john
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here