കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള ബിബിസിയുടെ ക്ഷമാപണം; എന്തായിരുന്നു ഡയാനയുടെ അഭിമുഖ വിവാദം ?

..
ഷംസുദ്ധീന്‍ അല്ലിപ്പാറ
റിസർച്ച് അസോസിയേറ്റ്, 24
ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖത്തിന്‍റെ പേരില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ബിബിസിയുടെ ക്ഷമാപണം. 1995 ലെ ആ അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചതിനു പിന്നിൽ അവതാരകൻ മാർട്ടിൻ ബഷീർ വഞ്ചനാപരമായ ഇടപെടൽ നടത്തിയെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് ബിബിസി ഇക്കാര്യത്തില്‍ നിർവ്യാജവും നിരുപാധികവുമായി ക്ഷമാപണം നടത്തിയത്.
1995 നവംബർ 20
അന്നാണ് ബ്രിട്ടനിലേതെന്നല്ല, ലോക ടെലിവിഷന്‍ ചരിത്രത്തെ തന്നെ പിടിച്ചുകുലുക്കിയ ആ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തത്. 54 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിലെ ഡയാന രാജകുമാരിയുടെ തുറന്നു പറച്ചിലുകള്‍, രാജ്യത്തെയും രാജകുടുംബത്തെയും പിടിച്ചുലച്ചുവെന്ന് മാത്രമല്ല, രാജകുടുംബത്തെക്കുറിച്ച് ബ്രിട്ടീഷ് ജനതക്കുണ്ടായിരുന്ന അനേകങ്ങളായ മുന്‍വിധികളെയും തകർത്തെറിഞ്ഞു. ഭർത്താവ് ചാള്‍സ് രാജകുമാരന് കൂട്ടുകാരി കമില്ല പാര്‍ക്കര്‍ ബൗള്‍സുമായുണ്ടായിരുന്ന അവിഹിതം ബന്ധം, മകന്‍ വില്യമിന്‍റെ പ്രസവാന്തരം ഡയാന നേരിട്ട വിഷാദ, ബുലിമിയ രോഗാവസ്ഥകള്‍, രാജകുടുംബത്തിലെ ഒറ്റപ്പെടലുകള്‍…
ഞെട്ടലോടെയാണ് രണ്ടര കോടി ബ്രിട്ടീഷ് ജനത ഒന്നിച്ചിരുന്ന് പ്രീയ രാജകുമാരിയുടെ വെളിപ്പെടുത്തലുകള്‍ സ്വന്തം സ്വീകരണമുറിയില്‍ കണ്ടത്. ഏതാണ്ട് 40 ശതമാനം ബ്രിട്ടീഷുകാരും ഒരേസമയം ആ അഭിമുഖം കണ്ടുവെന്നാണ് കണക്ക്.
ചാള്‍സുമായുള്ള വിവാഹത്തില്‍ മൂന്നു പേരുണ്ടെന്നും; അതൊരല്‍പം ജനനിബന്ധമാണെന്നുമുള്ള ഡയാനയുടെ പരാമർശം ഇന്നും ഏറെ വിഖ്യാതമാണ്.
വലിയ പ്രകമ്പമാണ് അഭിമുഖം രാജ്യത്തും രാജകൊട്ടാരത്തിലുമുണ്ടാക്കിയത്. ഡിസംബര്‍ 20ന്, എലിസബത്ത് രാജ്ഞി മകന്‍ ചാള്‍സിനും ഡായനയ്ക്കും കത്തയച്ചു. വേർപിരിയണം എന്ന ഉപദേശമായിരുന്നു കത്തില്‍. എലിസബത്ത് രാജ്ഞിയുടെ തീരുമാനത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ കൂടി പിൻതാങ്ങിയതോടെ, 1996 ഓഗസ്റ്റ് 28ന് ഡയാനയും ചാള്‍സും നിയമപരമായി ബന്ധം പിരിഞ്ഞു. വിവാഹമോചനം തടയുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ വിശ്വാസപ്രമാണങ്ങളെയും മറികടന്നായിരുന്ന ആ അസാധാരണ വേർപിരിയല്‍.
മാർട്ടിൻ ബഷീറിന്റെ വഞ്ചനാപരമായ ഇടപെടൽ
രാജകൊട്ടാരത്തിനും രാജ്യത്തിനുമപ്പുറം ലോകത്താകെയും കോളിളക്കമുണ്ടാക്കിയ ആ അഭിമുഖത്തിലൂടെ മാർട്ടിന്‍ ബഷീർ എന്ന മാധ്യമപ്രവർത്തകനും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ താരതമ്യേന ജൂനിയറായിരുന്ന മാർട്ടിന്‍ ബഷീർ, എങ്ങനെ ഡയാന രാജകുമാരിയുമായുള്ള അഭിമുഖം തരപ്പെടുത്തി എന്ന ചോദ്യം പലകോണുകളില്‍നിന്നുയർന്നു. തന്നെ ഉപയോഗിച്ച് മാർട്ടിന്‍ ബഷീർ ചില വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ ഉണ്ടാക്കിയിരുന്നുവെന്ന ബിബിസിയിലെ തന്നെ ഗ്രാഫിക് ഡിസൈനർ, മാറ്റ് വീസ്ലറുടെ വെളിപ്പെടുത്തലുകള്‍ ഈ ചോദ്യങ്ങള്‍ക്ക് കരുത്തേക്കി. ബിബിസി ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
മാറ്റ് വീസ്ലറുടെ സഹായത്തോടെ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന കാര്യം സമ്മതിച്ച മാർട്ടിന്‍ ബഷീർ പക്ഷേ, വ്യാജരേഖകള്‍ താന്‍ ആരെയും കാണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ‘മാര്‍ട്ടിന്‍ ബഷീര്‍ എന്നെ ഒരു പേപ്പറും കാണിച്ചിട്ടില്ല. എനിക്ക് അതുവരെ അറിയാത്ത പുതിയ വിവരവും തന്നിട്ടുമില്ല. ബിബിസിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഞാന്‍ സമ്മതിച്ചത് ഒരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്‍റെയും പുറത്തല്ല. ആ വിഷയത്തില്‍ ഒരു പശ്ചാത്താപവുമില്ല.’ ഡയാന രാജകുമാരിയുടെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഈ പ്രസ്താവന കൂടി പുറത്തുവന്നതോടെ ബിബിസി അന്വേഷണം അവസാനിച്ചു. ബഷീർ വർഷങ്ങളോളം പിന്നെയും ബിബിസിയില്‍ തുടർന്നു. അപ്പോഴും മാധ്യമലോകത്ത് ഒരു സംശയം ബാക്കിനിന്നു.
അഭിമുഖത്തിന്‍റെ 25 ആം വാർഷികത്തിൽ വീണ്ടും വിവാദം തലപൊക്കി
അഭിമുഖത്തിന്‍റെ 25 ആം വാർഷിക പശ്ചാത്തലത്തില്‍, കൃത്യമായി പറഞ്ഞാല്‍, 2020 നവംബർ 7 ന് ഡയാന രാജകുമാരിയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സർ മാർട്ടിന്‍ ബഷീറിനെതിരെ ചില ആരോപണങ്ങളുമായി രംഗത്തെത്തി. ഇതോടെ കാല്‍നൂറ്റാണ്ടിന് ശേഷം ബിബിസി രണ്ടാമതൊരു അന്വേഷണത്തിന് കൂടി ഉത്തരവിട്ടു. ഇത്തവണ പക്ഷേ, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ലോഡ് ഡൈസനെയാണ് ദൗത്യം ഏല്‍പ്പിച്ചത്. ആറു മാസങ്ങള്‍ക്കിപ്പുറം ഈ മാസം 14 ന് ലോഡ് ഡൈസന്‍ അന്വേഷണ റിപ്പോർട്ട് ബിബിസിക്ക് സമർപ്പിച്ചു.
ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖത്തിനുള്ള അവസരം മാർട്ടിന്‍ ബഷീർ വഞ്ചനയിലൂടെയാണ് നേടിയെന്നതാണ് ഡൈസന്‍റെ പ്രധാന കണ്ടെത്തല്‍. ഗ്രാഫിക് ഡിസൈനർ മാറ്റ് വീസ്ലറുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജരേഖകളുമായി മാർട്ടിന്‍ നേരെ പോയത് ഡായനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സറുടെ അടുത്തേക്കാണ്. ഡയാനയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനായി ചില മാധ്യമങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് അവരുടെ പേര്‍സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നുവെന്ന വ്യാജരേഖകള്‍ കാണിച്ച് ഏള്‍ സ്പെന്‍സറിന്‍റെ വിശ്വാസം നേടിയെടുത്ത മാർട്ടിന്‍, അയാളിലുടെ സഹോദരി ഡയാനയിലേക്കും എത്തി.
ഡയാനയുമായുള്ള സൗഹൃദം ഉറപ്പിച്ച മാർട്ടിന്‍ അധികം വൈകാതെ അവരെ അഭിമുഖത്തിന് സമ്മതിപ്പിക്കുകയായിരുന്നു. ബഷീറിന്‍റെ ഭാഗത്ത് നിന്നുണ്ടായത് അനുചിതമായ പെരുമാറ്റവും ബി ബി സി മാർഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനവുമാണ്. ഇക്കാര്യത്തില്‍ ബിബിസി നടത്തിയ ആദ്യന്തര അന്വേഷണം നിരവധി ന്യൂനതകൾ നിറഞ്ഞതായിരുന്നുവെന്നും ലോഡ് ഡൈസന്‍റെ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തി.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട മെയ് 14 ന് തന്നെ മാർട്ടിന്‍ ബഷീർ ബിബിസിയില്‍ നിന്ന് രാജിവെച്ചു. പിന്നാലെ നിരുപാധിക ക്ഷമാപണവുമായി ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ്. അംഗീകരിക്കാനാവാത്ത തെറ്റാണ് ബിബിസിക്ക് സംഭവിച്ചത്. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എല്ലാം കഴിഞ്ഞുപോയ കാര്യങ്ങളെന്ന് പറഞ്ഞ് ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. വിവാദ അഭിമുഖത്തിന്‍റെ പേരില്‍ ബിബിസിക്ക് ലഭിച്ച അംഗീകാരങ്ങളെല്ലാം തിരിച്ചുനല്‍കും. റിച്ചാർഡ് ഷാർപ്പ് പ്രസ്താവനയില്‍ കുറിച്ചു.
വില്യം രാജകുമാരന്റെ പ്രതികരണം
ഏറെ വൈകാരികമായാണ് പുതിയ വെളിപ്പെടുത്തലിനോട് ഡയാന-ചാള്‍സ് ദമ്പതികളുടെ മകന്‍ വില്യം രാജകുമാരന്‍ പ്രതികരിച്ചത്. തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതല്‍ വഷളാക്കുന്നതില്‍ അഭിമുഖത്തിനു വലിയ പങ്കുണ്ട്. അമ്മ ബിബിസിയാല്‍ ചതിക്കപ്പെട്ടുകയായിരുന്നു. 1996 ല്‍ തന്നെ ബിബിസി സത്യസന്ധമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍, താന്‍ ചതിക്കപ്പെട്ടുവെന്ന വിവരമെങ്കിലും അമ്മയ്ക്ക് മനസ്സിലാകുമായിരുന്നു. അതറിയാതെയാണ് അവര്‍ മരിച്ചത്,’ വികാരഭരിതമായ വീഡിയോ സന്ദേശത്തില്‍ വില്യം വെളിപ്പെടുത്തി.
ആരായിരുന്നു ഡയാന രാജകുമാരി ? എന്തുകൊണ്ടാണ് അവർ ചർച്ചയായത് ?
1997 ഓഗസ്ത് 31ന് പാരിസില്‍ വെച്ചുണ്ടായ ഒരു കാറപകടത്തില്‍, മുപ്പത്താറാം വയസ്സിലാണ് ഡയാന രാജകുമാരി മരിച്ചത്. ജീവിതത്തിലും, മരണത്തിലും ഒരു ഫെയറി ടെയില്‍ രാജകുമാരിയെപ്പോലെ ലോകത്താകെ വിസ്മയിപ്പിച്ച രാജകുമാരി.
ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്പെന്‍സർ കുടുംബത്തില്‍ 1961 ജൂലൈ ഒന്നിനാണ് ഡയാനാ സ്പെൻസർ ജനിച്ചത്. അനിശ്ചിത്വങ്ങളുടെ തുടർച്ച ആ ജീവിതത്തെ വിടാതെ പിന്തുടർന്നു. ഏഴാം വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഇംഗ്ലണ്ടിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി വിദ്യാഭ്യാസം. പഠനം കഴിഞ്ഞ് ഡാന്‍സ് ഇൻസ്ട്രക്ടറായും കിന്‍റർ ഗാർട്ടർ അസിസ്റ്റായും ജോലി ചെയ്തു. 16 ആം വയസ്സില്‍ ചാള്‍സ് രാജകുമാരനെ നേരില്‍ കണ്ടു. ആദ്യ കാഴ്ച്ചയില്‍ തന്നെ ഇരുവർക്കുമിടയില്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് വഴിമാറി. ഇരുപതാം നുറ്റാണ്ടിലെ ഏറ്റവും വർണാഭമായ, സ്വപ്നവിവാഹം അങ്ങനെ 1981 ജൂലൈ 29നു നടന്നു. ഡയാനാ സ്പെൻസർ അങ്ങനെ ഡയാനാ രാജകുമാരിയായി.
ജനങ്ങളുടെ രാജകുമാരി എന്നാണ് ഡയാന അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിന്റെ രാജകീയ ഔന്നത്യത്തില്‍ നിന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നു. അശരണര്‍ക്കും കുഞ്ഞുങ്ങള്‍ക്കും എയിഡ്സ് രോഗികൾക്കുമെല്ലാം അവരുടെ സഹായങ്ങള്‍ നേരിട്ടെത്തിച്ചു.
എയിഡ്സ് രോഗികളെയും ക്ഷയരോഗികളെയും സമൂഹം അകറ്റി നിര്‍ത്തിയിരുന്ന കാലത്ത് അവര്‍ക്ക് പരസ്യമായി ഹസ്തദാനം നല്‍കി ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാജകുടുംബാംഗമായി ഡയാന മാറിയത് അതിശയിപ്പിക്കുന്ന വേഗത്തിലാണ്.
പോകുന്നിടത്തെല്ലാം കാമറക്കണ്ണുകള്‍ ഡയാനയെ പിന്തുടര്‍ന്നു. നിലാവിന്‍റെ നീലപരപ്പുള്ള നീലകണ്ണുകള്‍, മിതത്വം മുറുകെപ്പിടിച്ചുള്ള പുഞ്ചിരി, ലോകമെമ്പാടുമുള്ള ഫാഷന്‍ പ്രേമികളുടെ എക്കാലത്തെയും ഐക്കണ്‍. ഡയാനയുടെ ചലനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ലോകഫാഷന്‍റെ ശ്രദ്ധാകേന്ദ്രമായ സമയം. ഡയാന ഹെയര്‍ സ്റൈല്‍ ഇവിടെ നമ്മുടെ കൊച്ചുകേരളത്തില്‍ പോലും തരംഗമായിരുന്ന കാലം.
വലിയ കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്ന ഡയാനയ്ക്ക് ആദ്യത്തെ കുഞ്ഞായി 1982 ല്‍ വില്ല്യം ജനിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തില്‍ കിന്റർഗാര്‍ട്ടന്‍ സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച ഏക രാജകുമാരനാണ് വില്ല്യം. അതുവരെ പ്രൈവറ്റ് അധ്യാപകര്‍ കൊട്ടാരത്തില്‍ വന്നു പഠിപ്പിച്ചിരുന്ന കീഴ്‌വഴക്കം മാറ്റിയെഴുതിയത് തന്‍റെ കുഞ്ഞുങ്ങള്‍ സാധാരണക്കാരുടെ ഒപ്പം പഠിക്കണമെന്ന ഡയാനയുടെ കര്‍ശനമായ തീരുമാനമായിരുന്നു.
രണ്ടാമത്തെ മകന്‍ ഹാരി ജനിച്ച് അധികമാകുന്നതിന് മുമ്പെ ഡയാന-ചാള്‍സ് ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. തുടർന്നുണ്ടായ വിഷാദരോഗം, കൊട്ടാരത്തിലെ ഒറ്റപ്പെടല്‍, ഏറ്റവും ഒടുക്കം ബിബിസിയുമായി ആ അഭിമുഖം, വിവാഹമോചനം…. ജീവിതം അനിശ്ചിതങ്ങളിലേക്ക് വഴുതി വഴുതി വീണു.
പാപ്പരാസികള്‍ പിന്നെയും ഡയാനയെ വിടാതെ പിന്തുടർന്നു… പല പേരുകള്‍ ഡയാനക്കൊപ്പം ചേർത്ത് റിപ്പോർട്ടുകളുണ്ടായി. തന്‍റെ സ്വകാര്യത ചൂഴ്ന്നെടുക്കാനെത്തിയ മാധ്യമപടയുടെ ക്യാമറവെട്ടത്തില്‍നിന്ന് ഡായന ഓടി, ഓടി ഒളിച്ചു. ആ ഓട്ടത്തിന് വേഗം കൂടിയ ഒരു രാത്രിയില്‍, കൃത്യമായി പറഞ്ഞാല്‍ 1997 ഓഗസറ്റിലെ അവസാന രാത്രിയില്‍, പാരീസില്‍ വെച്ചുണ്ടായ കാറപകടം ഡായനയുടെ ജീവനെടുത്തു.
അപകടത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അത് ഇപ്പോഴും വിശ്വസിക്കാത്ത അനേകായിരം ആളുകളുണ്ട്. ബ്രിട്ടീഷ് ചാരസംഘടന എംഐ 6 ആണ് ഡായനയുടെ ജീവനെടുത്തെന്നാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത്.
കഥകൾ തീരുന്നില്ല.. അകാലത്തിൽ പൊലിഞ്ഞ ആ സ്വപ്നസുന്ദരി ഇന്നും ജീവിച്ചിരിക്കുന്നു… പറഞ്ഞുതീരാത്ത കഥകളിലൂടെ.. ലിയനാര്‍ഡോ ഡാവിഞ്ചി അനശ്വരമാക്കിയ മോണാലിസയുടെ പുഞ്ചിരിയുടെ നിഗൂഢത പോലെ, ഇനിയും പെയ്തു തീരാത്ത മഴ പോലെ,… ഒരു രാജകുമാരി.
Story Highlights: diana princess and the controversy and mystery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here