ആരോരുമില്ലാത്തവർക്ക് ആഹാരവുമായി കനിമൊഴി

ആരോരുമില്ലാത്തവർക്ക് ദൈവം ഉണ്ടെന്നു പറയും പോലെ, വിശക്കുന്നവരുടെ വിളി കേൾക്കാൻ ഇനി കനിമൊഴിയുണ്ട്. തമിഴ്നാട്ടിലെ അരിയല്ലൂരിലെ ആലഗപ്പ നഗറിലെ കനിമൊഴിയാണ് വിശപ്പിന്റെ വേദന തനിക്കറിയാമെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഭവനരഹിതരായ 25 വൃദ്ധർക്ക് ഉച്ചഭക്ഷണവും അത്താഴവും എത്തിച്ചു നൽകുന്നത്. ലോക്ക്ഡൗൺ സമയത്ത് ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാൻ ഇല്ലാതെ ബുദ്ധിമുട്ടിയവരെയാണ് കനിമൊഴി സഹായിച്ചത്. 11 സുഹൃത്തുക്കളടങ്ങുന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ഇരുപത്തിയേഴുകാരിയായ കനിമൊഴി ഭക്ഷണം വാങ്ങാനുള്ള പണവും മറ്റും കണ്ടെത്തിയത്.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതു മുതൽ മുത്തശ്ശിക്കൊപ്പം താമസിക്കുന്ന കനിമൊഴി ഐ.ടി.ഐ. കോഴ്സ് പൂർത്തിയാക്കി അരിയലൂർ കോളേജ് റോഡിലെ ഒരു റേഷൻ ഷോപ്പിൽ താൽക്കാലിക സഹായിയായി ജോലി ചെയ്യുന്നു.
കൊവിഡ് ലോക്ക്ഡൗൺ സമയത്ത്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്, ഭക്ഷണമില്ലാതെ, തല ചായ്ക്കാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകൾ അവളുടെ ശ്രദ്ധയിൽ പെട്ടത്. അങ്ങനെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കനിമൊഴി തീരുമാനിച്ചു. ഉടൻ തന്നെ തൻറെ അടുത്ത സുഹൃത്തുക്കളോടൊപ്പം ‘മാറുവോം മാട്രുവോം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. സംഘത്തിന്റെ സഹായത്തോടെ ധനസമാഹരണത്തിൽ കനിമൊഴി 15 ദിവസത്തിലേറെയായി റോഡരികിൽ കഴിയുന്ന പ്രായമായവർക്ക് ഉച്ചഭക്ഷണവും അത്താഴവും വിളമ്പുന്നു.
“ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, എന്നെപ്പോലെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ട വിദ്യാർത്ഥികളെ, സുഹൃത്തുക്കളുടെ പിന്തുണയോടെ പുതിയ വസ്ത്രങ്ങൾ കൊടുത്ത് ഞാൻ സഹായിക്കാറുണ്ടായിരുന്നു. ദീപാവലി പോലുള്ള ഉത്സവങ്ങളിലും ഞാൻ അവരെ സഹായിച്ചു. പലരും ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നതായി ഞാൻ ഇപ്പോൾ മനസിലാക്കുന്നു. എല്ലാവരേയും സഹായിക്കാൻ എനിക്ക് കഴിയില്ലെങ്കിലും, എന്റെ സുഹൃത്തുക്കളുടെ പിന്തുണയോടെ അരിയലൂരിലെ റോഡരികിൽ താമസിക്കുന്ന 25 ഭവനരഹിതരായ വൃദ്ധർക്ക് ഞാൻ ഭക്ഷണം വിളമ്പുന്നു. ഇത് എന്നെയും വളരെയധികം സന്തോഷിപ്പിക്കുന്നു”, കനിമൊഴി പറഞ്ഞു.
“ഞാനും കുറേ നാൾ വിശപ്പറിഞ്ഞവളാണ്. വിശക്കുന്നതിന്റെ വേദന എനിക്കറിയാം. അതിനാൽ, ആഴ്ചയിൽ രണ്ട് ദിവസം ഉച്ചഭക്ഷണവും അത്താഴവും നൽകുന്നതിനുള്ള മുഴുവൻ ചെലവും ഞാൻ സ്വീകരിക്കുന്നു. മറ്റ് ദിവസങ്ങളിൽ, എന്റെ സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും ഈ ആളുകളെ സഹായിക്കാൻ മുന്നോട്ട് വരുന്നു. നിലവിലെ ലോക്ക്ഡൗൺ ജൂൺ 7 ന് അവസാനിക്കുന്നതുവരെ ചില സുഹൃത്തുക്കൾ അവർക്ക് ഉച്ചഭക്ഷണവും അത്താഴവും വിളമ്പാൻ മുന്നോട്ട് വന്നിട്ടുണ്ട്. സർക്കാർ ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ അവർക്ക് തുടർന്ന് ഭക്ഷണം നൽകാനും ഞങ്ങൾ തയ്യാറാണ്”, കനിമൊഴി കൂട്ടിച്ചേർത്തു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കനിമൊഴിയുടെ സുഹൃത്ത് പറഞ്ഞു, “നമ്മൾക്ക് കഴിയുന്നത്ര ഭവനരഹിതരായ ആളുകളെ സഹായിക്കണമെന്ന് കനിമൊഴി ഞങ്ങളോട് പറഞ്ഞു. ഞാൻ സമ്മതിക്കുകയും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ചെയ്തു. ”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here