വൃദ്ധന്റെ മൃതദേഹത്തോട് അനാദരവ്; ശരീരം മാലിന്യ വാഹനത്തിൽ തള്ളി പൊലീസ്; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ഉത്തർപ്രദേശിൽ രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹത്തോട് അനാദരവ്. ശരീരം മാലിന്യം ശേഖരിക്കുന്ന ട്രക്കിലേക്ക് പൊലീസ് വലിച്ചെറിഞ്ഞു. ലഖ്നൗവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള മഹോബയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയുടെ മോർച്ചറിയിൽ നിന്ന് ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 2 പൊലീസുകാർ മൃതദേഹം കറുത്ത ഷീറ്റിൽ പൊതിഞ്ഞ് വാഹനത്തിലേക്ക് മാറ്റുന്നതും, മുതിർന്ന ഉദ്യോഗസ്ഥൻ അതിന് നിർദ്ദേശം നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് മഹോബയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആർ.കെ ഗൗതം ഉത്തരവിട്ടു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന അമ്പത് വയസ്സുകാരന്റെ മൃതദേഹമാണ് മാലിന്യ കുമ്പാരത്തിലേക്ക് പൊലീസ് വലിച്ചെറിഞ്ഞത്.
ലോക്ക്ഡൗണിൽ യു.പിയിലേക്ക് തിരിച്ചെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മരിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here