പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും നിലപാട് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തേടിയിട്ടുണ്ട്. പരീക്ഷാ ഫലം നിർണയിക്കുന്നതിൽ പദ്ധതി തയാറാക്കണമെന്നും സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തണമെന്നും അഭിഭാഷക മമതാ ശർമ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാർത്ഥികൾക്ക് വേണ്ടി യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഹർജിയെ എതിർത്ത് കേരളത്തിലെ കണക്ക് അധ്യാപകൻ ടോണി ജോസഫും അപേക്ഷ നൽകി. പരീക്ഷ റദ്ദാക്കുന്നതിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ നാളെ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂല നിലപാടിലാണ്. എന്നാൽ ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.
Story Highlights: cbse, icse plus two exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here