3 കൊവിഡ് രോഗികളുള്ള വീട്ടിൽ മാനദണ്ഡങ്ങൾ ലംഗിച്ച് മൂർഖൻ അതിഥി; പാമ്പിനെ പിടിച്ച കഥ വിവരിച്ച് വി.കെ പ്രശാന്ത് എംഎൽഎയുടെ എഫ്.ബി പോസ്റ്റ്

മൂന്നു കൊവിഡ് രോഗികൾ മാത്രം കഴിയുന്ന വീട്ടിൽ മൂർഖൻ പാമ്പ് കയറിയാൽ എന്ത് ചെയ്യും. വീട്ടിലുള്ളവർക്ക് കൊവിഡാണെന്നോ ഇവർ ക്വാറന്റൈനിൽ ആണെന്നോ പാമ്പിന് അറിയില്ലല്ലോ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമില്ലെന്ന മട്ടിൽ കൊവിഡ് രോഗിയുടെ വീട്ടിൽ മൂർഖൻ പാമ്പിന്റെ വിളയാട്ടം. ഒടുവിൽ ബാത്ത് റൂമിൽ നിന്ന് പിടികൂടിയ ഹൈറിസ്‌ക് അതിഥിയുടെ കഥ വിവരിക്കുകയാണ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത്.
എംഎൽഎയുടെ എഫ് ബി പോസ്റ്റ്;
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊവിഡ് ഹെൽപ് ലൈനിലേക്ക് ഒരു കോൾ വന്നത്. ശാസ്തമംഗലം ആർ.ആർ.ടിയിലെ വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ശ്രീക്കുട്ടനാണ് വിളിച്ചത്. പൈപ്പിൻമൂട്ടിൽ ഒരു വീട്ടിലെ ബാത്ത് റൂമിൽ മൂർഖൻ പാമ്പ്. പ്രശ്നമതല്ല, മൂന്ന് കൊവിഡ് രോഗികൾ മാത്രം താമസിക്കുന്ന വീട്ടിലാണ് പാമ്പ് കയറിയിരിക്കുന്നത്.
കൊവിഡ് രോഗികൾ ഉപയോഗിക്കുന്ന ബാത്റൂമുകൾ രോഗപ്പകർച്ചാ സാധ്യത കൂടിയ ഇടമാണ്. പുറത്തുനിന്ന് ആർക്കും വീട്ടിൽ കയറാൻതന്നെ പറ്റില്ലെന്നിരിക്കെയാണ് ബാത്റൂമിൽ കയറി പാമ്പിനെ പിടിക്കുന്നത്. ശ്രീക്കുട്ടൻ കൊവിഡ് കൺട്രോൾ റൂമിൽ വിളിച്ച് സഹായമഭ്യർഥിച്ചത് ഈ സാഹചര്യത്തിലാണ്.
വിവിധയിനം പാമ്പുകളുടെ പ്രത്യേകതകളും വ്യത്യാസങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളും വിഷ ചികിൽസയെപ്പറ്റിയുമൊക്കെ ശാസ്ത്രീയമായി വിശദീകരിക്കുന്ന മൊബൈൽ ആപ്പ് സഹായത്തിനെത്തിയത് അപ്പോഴാണ്. എല്ലാ ജില്ലകളിലേയും, വനംവകുപ്പ് പരിശീലനം നൽകി ലൈസൻസ് കൊടുത്തിട്ടുള്ള പാമ്പുരക്ഷകരുടെ പേരും ഫോൺ നമ്പറും അതിലുണ്ട്. പാമ്പുകളെ കണ്ടാലുടൻ തല്ലിക്കൊല്ലുന്ന രീതി മിക്കയിടത്തും നിലവിലുള്ളതിനാൽ അവിടെ പാഞ്ഞെത്തി പാമ്പിനെയും കടിയിൽ നിന്ന് മനുഷ്യരേയും രക്ഷിക്കുന്നതിനാലാണ് ഇവരെ പാമ്പുരക്ഷകർ എന്നു വിളിക്കുന്നത്.
ബാവൻ എന്ന രക്ഷകനെയാണ് ആദ്യം ഫോണിൽ കിട്ടിയത്. അദ്ദേഹം വെമ്പായത്ത് നിൽക്കുകയാണെന്നും ഉടനെത്താമെന്നും അറിയിച്ചു. അപ്പോഴേക്കും അടുത്ത കോളെത്തി. പാമ്പു കയറിയ വീട്ടിലെ ഒരു രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. രോഗി അൽപം പ്രശ്നത്തിലാണ്.
വെമ്പായത്ത് നിന്ന് ബാവനും കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് ഡോ.യാസീന്റെ നേതൃത്വത്തിൽ മെഡിക്കൽ ടെക്നീഷ്യൻ അഖിൽ ഭുവനേന്ദ്രനും വോളന്റിയർ അരുൺ പണ്ടാരിയും ഒരേസമയം പാമ്പുകയറിയ വീട്ടിലെത്തി. മെഡിക്കൽ സംഘം കയ്യിൽ കരുതിയ പി.പി.ഇ കിറ്റ് ധരിപ്പിച്ചാണ് ബാവനെ പാമ്പിനെ പിടികൂടാനായി അകത്തേക്കു വിട്ടത്. യാസീനും അഖിലും ചേർന്ന് രോഗിയെ പരിശോധിച്ച് മരുന്നു നൽകി.
മൂന്നുമാസം പ്രായമുള്ള മൂർഖൻ കുഞ്ഞായിരുന്നു, കൊവിഡും ക്വാറന്റൈനും ഒന്നും തനിക്കു ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ബാത്ത് റൂമിൽ കയറിയത്. ബാവനാകട്ടെ പി.പി.ഇ. കിറ്റൊക്കെയിട്ടുള്ള ഒരു രക്ഷാപ്രവർത്തനം ഇതാദ്യവുമായിരുന്നു. പിടികൂടിയ മൂർഖൻ കുഞ്ഞിനെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
പിടികൂടിയ പാമ്പുമായി ബാവൻ പോകുമ്‌ബോൾ കൊവിഡ് കൺട്രോൾ റൂമിൽ നിന്നാരോ പറയുന്നുണ്ടായിരുന്നു, കൊവിഡ് രോഗികളുടെ വീട്ടിൽ പിപിഇ കിറ്റില്ലാതെ കയറിയതല്ലേ പാമ്പിൻ കുഞ്ഞിനും ആർടിപിസിആർ ടെസ്റ്റ് എടുത്തു നോക്കുന്നത് നന്നായിരിക്കുമെന്ന്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here