കൊവിഡ് രണ്ടാം തരംഗം; ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായി; 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ മാത്രം ഒരു കോടി ആളുകൾക്ക് തൊഴിൽ നഷ്ടമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയിൽ അത് ഉയർന്ന നിരക്കായ 12 ശതമാനത്തിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ തൊഴിൽ നഷ്ടമായവർക്ക് പുതിയ തൊഴിൽ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും മഹേഷ് വ്യാസ് പറഞ്ഞു.
ദേശീയ ലോക്ക്ഡൗൺ കാരണം 2020 മെയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനത്തിലെത്തി. അസംഘടിത മേഖലയിൽ തൊഴിൽ വേഗം തിരിച്ചുവരും. എന്നാൽ ഔദ്യോഗിക തൊഴിലുകൾ തിരിച്ചുവരാൻ ഒരു വർഷത്തോളമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി 1.75 ലക്ഷം വീടുകളിൽ ഏപ്രിൽ മാസത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സിഎംഐഇ റിപ്പോർട്ട് തയ്യാറാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here