ഡോക്ടര്‍മാരുടെ സമരം നിയമവിരുദ്ധമെന്ന് കോടതി; കൂട്ടത്തോടെ രാജിവെച്ച് ജൂനിയർ ഡോക്ടര്‍മാര്‍

മധ്യപ്രദേശ് ഹൈക്കോടതി സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. കോടതിയുടെ പരാമര്‍ശങ്ങളെ വെല്ലുവിളിച്ചാണ് നടപടി. വ്യാഴാഴ്ച മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ ‘നിയമവിരുദ്ധം’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കൂട്ടരാജി.
മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ആറ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ എല്ലാം തങ്ങളുടെ പദവി രാജിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്നതാണ് പുതിയ സംഭവം. തിങ്കളാഴ്ചയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരുമെന്നാണ് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടര്‍ അസോസിയേഷന്‍ (എംപിജെഡിഎ) സംഘടന പറഞ്ഞത്.
തങ്ങളുടെ സ്റ്റൈപ്പന്‍റ് വര്‍ധിപ്പിക്കണം, തങ്ങള്‍ക്കും കുടുംബാഗംങ്ങള്‍ക്കും കൊവിഡ് ചികില്‍സ സൗജന്യമാക്കണം എന്നീ ആവശ്യങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. തങ്ങളുടെ പിജി എന്‍റോള്‍മെന്‍റ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും, അതിനാല്‍ പിജി പരീക്ഷ എഴുതാന്‍ സാധിക്കുന്നില്ലെന്നും ഈ ഡോക്ടര്‍മാര്‍ പരാതി ഉയര്‍ത്തുന്നുണ്ട്. ഹൈക്കോടതി സമരത്തിനെതിരെ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കും എന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
അതേ സമയം തങ്ങളുടെ സമരത്തിന് മറ്റ് ഡോക്ടര്‍മാരുടെ സംഘടനകളുടെ പിന്തുണയുണ്ടെന്നും. ആവശ്യമെങ്കില്‍ അവരും സമരത്തിനിറങ്ങുമെന്നാണ് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടര്‍ അസോസിയേഷന്‍ (എംപിജെഡിഎ) പറയുന്നത്.
Story Highlights: 3,000 junior doctors resign after Madhya Pradesh HC says strike ‘illegal’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here