സംഘടനാതലത്തിൽ അഴിച്ചുപണി; അഭിഷേക് ബാനർജി തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ ഭരണത്തുടർച്ച സ്വന്തമാക്കിയ തൃണമൂൽ കോൺഗ്രസ് സംഘടനാതലത്തിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ചേർന്ന പാർട്ടി വർക്കിങ് കമ്മിറ്റി ആദ്യ യോഗത്തിലാണ് തീരുമാനം.
പശ്ചിമ ബംഗാളിന് പുറത്ത് സംഘടന വിപുലീകരിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചതായി പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു. പാർട്ടിയിൽ ‘ഒരാൾക്ക് ഒരു സ്ഥാനം’ പോളിസി നടപ്പാക്കാൻ തീരുമാനിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൃണമൂൽ യുവജന വിഭാഗത്തിന്‍റെ ചുമതലയിൽ നിന്ന് അഭിഷേക് ബാനർജി സ്ഥാനമൊഴിയും. പകരം നടിയും തൃണമൂൽ നേതാവുമായ സയാനി ഘോഷ് ഈ ചുമതല വഹിക്കും. പാർട്ടിയുടെ വനിതാവിഭാഗം പ്രസിഡന്‍റായി കകോലി ഘോഷ് ദാസ്തിദാർ എം.പിയെയും ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി.ടി.യു.സിയുടെ ദേശീയ പ്രസിഡന്‍റായി ഡോല സെൻ എം.പിയെയും നിയമിച്ചു. മുതിർന്ന നേതാവ് പൂർണേന്ദു ബോസിനെ കർഷക വിഭാഗം പ്രസിഡന്‍റായും തെരഞ്ഞെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here