മഴ സ്പെഷൽ നാടൻ പലഹാരവുമായി പാർവതി തിരുവോത്ത്

അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്, കൊവിഡ് കാലത്ത് നിരവധി താരങ്ങളാണ് പല രൂചിക്കൂട്ടുകളുമായി രംഗത്തെത്തിയിരുന്നത്. സമൂഹ മാധ്യമങ്ങളിൽ താരങ്ങൾ പോസ്റ്റ് ചെയ്യുന്ന രൂചിക്കൂട്ടുകൾ മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ, അത്തരത്തിൽ ഒരു നടൻ പലഹാരവുമായി രംഗത്തെത്തിയിരിക്കുന്നത് നടി പാർവതി തിരുവോത്താണ്. നാടൻ അരിയുണ്ട രുചിയുമായിട്ടാണ് പാർവതി വന്നിരിക്കുന്നത്.
ചട്ടിയിൽ വറത്തെടുത്ത അരി, മിക്സിയിൽ പൊടിച്ചെടുത്ത് അതിലേക്ക് നാളികേരവും ശർക്കരയും ചേർത്ത് യോജിപ്പിച്ച് കൈ കൊണ്ട് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുന്നു. വളരെ എളുപ്പം തയാറക്കാവുന്ന പാചക പരീക്ഷണങ്ങളും വർക്ക് ഔട്ട് സ്പഷൽ ഡയറ്റ് ഫുഡ് ചിത്രങ്ങളും വിഡിയോകളും പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇഷ്ടപ്പെട്ട വിഭവമെന്ന് റിമി ടോമിയും മറ്റ് താരങ്ങളും കമന്റുകൾ കുറിച്ചു. നാടൻ അരിയുണ്ട രുചിക്കൂട്ട് ഇതാ.
ചേരുവകൾ
- അരി– 1 ഗ്ലാസ്
- ശർക്കര– 100 ഗ്രാം
- നാളികേരം – ഒരു മുറി
- ഏലയ്ക്ക– 3–4 എണ്ണം (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി ഉണക്കി വറുത്തെടുക്കുക. നല്ല ബ്രൗൺ കളർ ആകുന്നതു വരെ വറക്കണം. അരിമണിയെടുത്തു കടിച്ചു നോക്കുമ്പോൾ പൊട്ടണം. അതാണു പാകം. ചെറു ചൂടോടെ ഈ അരി നന്നായി പൊടിച്ചെടുക്കണം. അരിയുടെ കൂടെ ഏലയ്ക്കയും ചേർത്ത് പൊടിച്ചെടുക്കുക. ചിരകിയ തേങ്ങയും പൊടിച്ചെടുക്കുക. ശർക്കര ചുരണ്ടിയതും പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയും അരിപ്പൊടിയും ചേർത്തു നന്നായി തിരുമ്മുക. ഈ മിശ്രിതം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ പലഹാരം ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here