10 വർഷത്തിനിടെ ഒരിക്കൽ പോലും സജിതയ്ക്ക് അസുഖം വന്നിട്ടില്ല; പല ആക്ഷേപങ്ങളും തെറ്റ്; കാമുകിയെ വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് റഹ്‌മാൻ
പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റഹ്‌മാൻ 24 ന്യൂസിനോട് പറഞ്ഞു. പത്ത് വർഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും സ്വന്തം മുറിയിലാണ് ഒളിച്ച് താമസിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി.
പത്ത് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോർട്ടിൽ വർക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചത്.’ റഹ്‌മാൻ പറയുന്നു.
ലോക്കിംഗ് സിസ്റ്റം, ഇലക്ട്രിക്ക് ഷോക്ക് പോലെയുള്ള ആക്ഷേപങ്ങൾ തെറ്റാണ്. അത്തരം കാര്യങ്ങൾ ഒന്നും തന്നെയില്ല. സമാധാനത്തോടെ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു. പൊലീസിന്റെ പൂർണ സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങളെ ആരും ഉപദ്രവിക്കരുതെന്നും റഹ്‌മാൻ അപേക്ഷിച്ചു.
ആരുമില്ലാത്ത സമയങ്ങളിൽ പുറത്ത് ഇറങ്ങുമായിരുന്നു എന്ന് സജിതയും പറഞ്ഞു.
‘പകൽ സമയത്തും പുറത്ത് ഇറങ്ങുമായിരുന്നു. രാത്രിയിൽ പുറത്ത് ഇറങ്ങി അല്പനേരം നടക്കും, 10 വർഷത്തിനിടെ നിരവധി സംഭവങ്ങൾ ഉണ്ടായി. കുടുംബത്തെ മരണങ്ങളും കല്യാണങ്ങളും അറിഞ്ഞിരുന്നു. റഹ്‌മാൻറെ പെങ്ങളുടെ കല്യാണ സമയത്തും താൻ ഇവിടെ ഉണ്ടായിരുന്നു’ സജിത 24നോട് പറഞ്ഞു.
പത്ത് വർഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. യുവാവിന്റെ വീട്ടുകാരോ പൊലീസോ നാട്ടുകാരോ സംഭവമറിഞ്ഞില്ല. മകളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സജിതയുടെ മാതാപിതാക്കളും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here