മുട്ടില്‍ മരം മുറി കേസ് പ്രതിയെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ട് പി. ടി തോമസ്

മുട്ടില്‍ മരം മുറി കേസ് പ്രതിയെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് എംഎല്‍എ പി. ടി തോമസ്. നിയമസഭക്ക് അകത്തും പുറത്തും പി. ടി തോമസ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. ഇന്റലിജന്റ്സ് മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളത്ത് മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി. ടി തോമസ് ആരോപിച്ചു.
മാംഗോ മൊബൈല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയില്‍ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി ടി തോമസിന്റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാദം പി ടി തോമസ് തള്ളി. 2017 ജനുവരി 22നാണ് പിണറായി വിജയന് എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകര്‍ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ചടങ്ങിലേക്ക് ക്ഷണിച്ചതിന് എം. മുകേഷ് എംഎല്‍എയെ ശാസിച്ചെന്നാണ് അറിവ്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈല്‍ ഉടമയെ കോഴിക്കോട്ട് ഹസ്തദാനം ചെയ്തതെന്നും പി. ടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യക്തിപരമായ വിശദീകരണത്തിന് പി. ടി തോമസ് എഴുതിക്കൊടുത്തെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ധനവിനിയോഗ ബില്‍ ചര്‍ച്ചക്കിടെ എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിലിടപെട്ടാണ് പി. ടി തോമസ് തന്റെ വാദമുഖങ്ങള്‍ നിരത്തിയത്. മരംമുറിയെക്കുറിച്ച് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിച്ചാല്‍ പല തലകളും ഉരുളുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പി.ടി തോമസ് പറഞ്ഞു.
Story Highlights: p t thomas, pinarayi vijayan, forest robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here