കോപ്പ ബ്രസീലിൽ തന്നെ; അനുമതി നൽകി സുപ്രിംകോടതി

വേദി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോപ്പ അമേരിക്ക ബ്രസീലിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. രാജ്യത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കോപ്പ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോപ്പ അമേരിക്ക രാജ്യത്ത് നടത്താൻ അനുവദിക്കണമോ എന്ന വോട്ടെടുപ്പിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു. ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
നാലര ലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലിൽ കോപ്പ നടത്തിയാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം ബ്രസീൽ താരങ്ങൾ ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് അത് മാറ്റി. നേരത്തെ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു അർജൻ്റീനയിൽ നിന്ന് വേദി മാറ്റിയത്. ആഭ്യന്തര കലാപത്തെ തുടർന്ന് കൊളംബിയ നേരത്തെ പിൻമാറിയിരുന്നു. ബ്രസീലിലേക്ക് ടൂർണമെന്റ് മാറ്റാൻ തീരുമാനം എടുത്തെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം ഗുരുതരമായതു കൊണ്ട് തുടക്കം മുതൽ തന്നെ അതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു.
ഞായറാഴ്ചയാണ് കോപ്പയ്ക്ക് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ വെനസ്വേലയെ നേരിടും. ജൂലൈ 10ന് മാരക്കാനയിലാണ് ഫൈനൽ.
Story Highlights: Brazil Supreme Court Allows Copa America To Go Ahead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here