ഇഷാന്തിനെയല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുഹമ്മദ് സിറാജിനെ കളിപ്പിക്കണം: ഹർഭജൻ സിംഗ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കണമെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഇഷാന്ത് വിസ്മയിപ്പിക്കുന്ന ബൗളറാണ്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിൽ വലിയ പുരോഗതിയാണ് സിറാജിന്റെ ബൗളിങ്ങിൽ കാണാനായത്. അതുകൊണ്ട് തന്നെ ഇഷാന്തിനു പകരം സിറാജിനെ കളിപ്പിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും ഹർഭജൻ പറഞ്ഞു.
“സിറാജിന്റെ ഇപ്പോഴത്തെ ഫോമും പേസും ആത്മവിശ്വാസവും ഇഷാന്തിനെക്കാൾ സിറാജിന് സാധ്യത നൽകുന്നു. ചാൻസുകൾക്ക് വേണ്ടി വിശന്ന് നിൽക്കുന്ന ബൗളറായാണ് സിറാജിനെ ഞാൻ കാണുന്നത്. അടുത്തിടെ ഇഷാന്തിനെ പരിക്കുകൾ അലോസരപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകുന്ന താരമാണ് ഇശാന്ത് എന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ നിലവിൽ സിറാജാണ് മികച്ച ചോയിസ്. ക്രീസിൽ പച്ചപ്പുണ്ടെങ്കിൽ സിറാജിൻ്റെ ആക്രമണത്തിന് മൂർച്ച കൂടും.”- ഹർഭജൻ പറഞ്ഞു.
ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്‌ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.
Story Highlights: Harbhajan Singh about Mohammed Siraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here