അടച്ചുപൂട്ടി ഒരു മാസം; ലക്ഷദ്വീപിലെ ഫാമുകളിലെ പശുക്കളെ ലേലം ചെയ്യാനായില്ല

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ചു പൂട്ടി ഒരു മാസം പിന്നിട്ടിട്ടും ഫാമിലെ പശുക്കളെ ലേലം ചെയ്യാനായില്ല. അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിച്ച പശുക്കളുടെ ലേലത്തില്‍ ദ്വീപുകാര്‍ ആരും പങ്കെടുക്കാത്തതാണ് നടപടികള്‍ എങ്ങുമെത്താതിരിക്കാന്‍ കാരണം. ഭരണപരിഷ്‌കാര നടപടികളുടെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ദ്വീപിലെ മുഴുവന്‍ ഡയറിഫാമുകളും അടച്ചു പൂട്ടലായിരുന്നു.
നഷ്ടത്തിലാണ് ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇവിടങ്ങളിലെ കരാര്‍ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ പശുക്കളെ ലേലം ചെയ്ത് ഒഴിവാക്കാനുള്ള നീക്കം ദ്വീപുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എങ്ങുമെത്തിയില്ല. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനോടും അദ്ധേഹത്തിന്റെ നയങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പശുക്കളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ ദ്വീപുകള്‍ തയ്യാറായിരുന്നില്ല. പാലുല്‍പ്പന്നങ്ങളുടെ വിതരണത്തിനായി ഗുജറാത്തില്‍ നിന്ന് പ്രഫുല്‍ ഖോ ഡ പട്ടേല്‍ കൊണ്ടുവന്ന അമൂലിനെയും ബഹിഷ്‌കരിച്ചിരിക്കുകയാണ് ദ്വീപ് ജനത.
അതേസമയം ലേലം മുടങ്ങിയതോടെ ഡയറിഫാമുകളിലെ പശുക്കള്‍ക്ക് തീറ്റ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കാലിത്തീറ്റയുടെ സ്റ്റോക്ക് തീര്‍ന്നെന്ന് ഫാമുകളുടെ ചുമതലയുള്ള വിവിധ വെറ്റിനറി സര്‍ജന്‍മാര്‍ മൃഗ സംരക്ഷണവകുപ്പിനെ രേഖാമൂലം തന്നെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ പശുക്കള്‍ക്ക് ഇനി തീറ്റ വാങ്ങി നല്‍കാനാകില്ലെന്ന നിലപാടിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍.
അമൂലിന്റെ ഔട്ട്‌ലെറ്റില്‍ ഉല്‍പ്പന്നങ്ങള്‍ വന്നെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. അമൂലിന്റെ വരവ് ദ്വീപുകാര്‍ ഏറ്റെടുത്തെന്ന് വരുത്തി തീര്‍ക്കാന്‍ സ്റ്റോക്ക് മൊത്തം അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥരെ കൊണ്ട് വാങ്ങിപ്പിച്ച് സംഭരിച്ച് വച്ചിരിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
Story Highlights: lakshadweep, cow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here