അയോദ്ധ്യ രാമക്ഷേത്രം; ഭൂമി വാങ്ങിയതിൽ തട്ടിപ്പെന്ന് ആരോപണം

അയോദ്ധ്യ രാമക്ഷേത്ര വികസനത്തിനായി ഭൂമി വാങ്ങിയതിൽ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും രംഗത്ത്. ഭൂമി ഇടപാടിൽ 16.5 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഇരു പാർട്ടികളുടെയും ആവശ്യം.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ശ്രീ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. രാമജന്മഭൂമിയോട് ചേർന്നുള്ള ഭൂമി വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നു എന്ന ആരോപണവുമായി ആം ആദ്മി പാർട്ടിയും സമാജ്വാദി പാർട്ടിയും രംഗത്ത് വന്നു. കഴിഞ്ഞ മാർച്ചിൽ ഈ ഭൂമി 2 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ 2 കോടി രൂപയ്ക്കു വാങ്ങിയെന്നും മിനിറ്റുകൾക്കകം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചു നൽകിയെന്നും രേഖകൾ നിരത്തി സമാജ് വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ ആരോപിച്ചു. ട്രസ്റ്റിലെ ചില അംഗങ്ങൾക്കും പ്രാദേശിക ബിജെപി നേതാക്കൾക്കും ഇടപാടിൽ പങ്കുണ്ടെന്നാണ് സമാജ്‌വാദി പാർട്ടിയുടെ ആരോപണം.
ശ്രീരാമന്റെ പേരിൽ അഴിമതി നടക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാൽ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നു ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരു പാർട്ടികളും ഉന്നയിക്കുന്നത്. എന്നാൽ ട്രസ്റ്റ് സെക്രട്ടറിയും വി എച് പി നേതാവുമായ ചമ്പത് റായി ഈ ആരോപണങ്ങൾ നിഷേധിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Story Highlights: Opposition accuses Ram Mandir Trust of land scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here