Advertisement

മൺസൂൺ ഡയറ്റ്: മഴക്കാലത്ത് ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന രുചികരമായ പാനീയങ്ങൾ

June 15, 2021
2 minutes Read

മഴക്കാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, നല്ല തണുത്ത കാറ്റും, മുത്ത് പൊഴിയുന്ന പോലുള്ള മഴത്തുള്ളികളും മറ്റുമാണ് നമ്മുടെ മനസിലേക്ക് വരുന്നത്, അവിടെ ജലാംശം (ഹൈഡ്രേഷൻ) എന്നൊരു പദത്തിന് യാതൊരു പ്രസക്തിയുമില്ല. അന്തരീക്ഷത്തിലെ അമിതമായ ഈർപ്പവും മറ്റും കാരണം നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് തോന്നിയേക്കാം. എന്നാൽ സമൃദ്ധമായ മഴ സന്തോഷത്തിന്റെ വികാരം നൽകുന്നുണ്ടെങ്കിലും, നിങ്ങളുടെ ശരീരം യഥാർത്ഥത്തിൽ കടുത്ത നിർജ്ജലീകരണം (ഡീഹൈഡ്രേഷൻ) അനുഭവിച്ചേക്കാമെന്ന് അറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. വേനൽക്കാലത്ത് വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മഴക്കാലത്തും വെള്ളം കുടിക്കുക എന്നത്.

മഴക്കാലത്ത് ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന ചില രുചികരമായ പാനീയങ്ങൾ ഇതാ:

തേൻ-നാരങ്ങ-ഇഞ്ചി ചായ

തേൻ മധുരമുള്ള ഇഞ്ചിയുടെ എരിവും നാരങ്ങയുടെ പുളിയും ചേർന്ന ആരോഗ്യപൂർണമായ ചായ. ഇതും വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാൻ കഴിയുന്ന ഒരു പാനീയമാണ്. ഇതിലെ ചേരുവകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

ചേരുവകൾ

വെള്ളം – 3 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
തേയില – 3 ടീസ്പൂൺ
നാരങ്ങാ നീര് – 1 ടീസ്പൂൺ
തേൻ – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ മൂന്ന് കപ്പ് വെള്ളം ചൂടാക്കാൻ വെക്കുക. തിളക്കും മുമ്പ് ഇഞ്ചി ചേർക്കുക. തിളച്ചതിന് ശേഷം തേയില, നാരങ്ങാ നീര്, തേൻ എന്നിവ ചേർക്കുക. ഇത് ഒരു കപ്പിലേക്ക് ഒഴിച്ച് ആസ്വദിച്ച് കുടിക്കുക!.

മസാല ചായ

ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രിയപ്പെട്ട പാനീയമാണ് മസാല ചായ് അല്ലെങ്കിൽ മസാല ടീ. പ്രഭാതമായാലും സായാഹ്ന ലഘുഭക്ഷണ സമയമായാലും ശരീരത്തെ ഉന്മേഷദായകമാക്കുന്നതിന് ഒരു കപ്പ് ചൂടുള്ള മസാല ചായ അത്യാവശ്യമാണ്.

ചേരുവകൾ

ഗ്രാമ്പു
ഏലയ്ക്ക
കറുവപ്പട്ട
തക്കോലം
വെള്ളം
തേയില
പഞ്ചസാര
പാൽ

തയാറാക്കുന്ന വിധം

ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, തക്കോലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഒരു പാനിൽ തുല്യ അളവിൽ വറുക്കുക. വറുത്ത ചേരുവകൾ നന്നായി പൊടിച്ചെടുക്കുക. ഒരു പാനിൽ പാലൊഴിച്ച് ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നയി തിളപ്പിക്കുക. തിളക്കുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള തേയിലയും സുഗന്ധദ്രവ്യങ്ങൾ പൊടിച്ചതും ചേർക്കുക. നന്നായി ഇളക്കുക. തീ അണച്ചതിന് ശേഷം ഇത് ഒരു കപ്പിലേക്ക് ഒഴിച്ച് ആസ്വദിച്ച് കുടിക്കുക!.

നൂഡിൽസ് സൂപ്പ്

മഴയുള്ള സായാഹ്നങ്ങളിൽ ചൂടുള്ള നൂഡിൽ സൂപ്പിനേക്കാൾ രുചികരമായ ഒന്നും തന്നെയില്ല. അതിനാൽ, ഈ രുചികരമായ പാചകക്കുറിപ്പ് ഇന്ന് പരീക്ഷിക്കുക.

ചേരുവകൾ

നൂഡിൽസ് – 1 കപ്പ്
എണ്ണ – 2 ടേബിൾ സ്പൂൺ
സവാള – 1 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1
പച്ച മുളക് – 1
കറി മസാല – 1 ടേബിൾ സ്പൂൺ
നാരങ്ങാ നീര് – 4 ടേബിൾ സ്പൂൺ
മല്ലിയില – ആവശ്യത്തിന്
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. കറി മസാലയും നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നൂഡിൽസും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ പാകത്തിന് ഉപ്പും കുരുമുളകും ചേർക്കുക. മല്ലിയില വിതറുക. സൂപ്പിന്റെ പരുവം എത്തുമ്പോൾ തീ അണച്ച് ചൂടോടെ കഴിക്കുക.

ഈ ഉന്മേഷകരമായ പാനീയങ്ങൾക്ക് പുറമെ, ദിവസം മുഴുവൻ പതിവായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും, രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top