‘കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി’; മരംമുറിക്കൽ കേസിൽ സർക്കാരിനെ പരിഹസിച്ച് ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറിക്കൽ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സംസ്ഥാനത്ത് എന്തുസംഭവിച്ചാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും’ എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രി എന്നും ഷിബു ബേബി ജോൺ ചോദിച്ചു. മുട്ടിൽ മരംമുറിക്കൽ കേസിനെ പറ്റി സർക്കാരിന്റെ ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക കഴിഞ്ഞ സർക്കാർ മറ്റേതോ മുന്നണിയുടേത് ആയിരുന്നെന്നാണ്.
ഈട്ടിയും തേക്കുമൊക്കെ ഒരെണ്ണം പോലും ബാക്കി വയ്ക്കാതെ മുറിച്ചുമാറ്റിക്കഴിഞ്ഞു. എന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ല’. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോണിന്റെ പരിഹാസം.
ഇത്രയുംവലിയ മരംകൊള്ള നടന്നിട്ടും നാട്ടിലെ പരിസ്ഥിതി സ്‌നേഹികളും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും മയക്കത്തിലാണ്. സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും’ എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രി. കഴിഞ്ഞ കുറേക്കാലമായി കുറച്ചുപേർ സ്ഥിരമായി ഉപ്പ് തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. അവരെല്ലാം ഈ സർക്കാരിന്റെ സ്വന്തക്കാരുമായിരുന്നു. ഇതിനുംമാത്രം ഉപ്പ് തയ്യാറാക്കി വച്ചിരിക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം.
മുട്ടിൽ മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
Story Highlights: wood robbery,shibu baby john
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here