കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ് ആരംഭിച്ചു

ഇടത് യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി. ടോൾ പിരിവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ഡിവൈഎഫ്ഐ – എ.ഐ.വൈ.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ഇനിയും വേണ്ടിവന്നാൽ ചർച്ചക്ക് തയാറാണെന്നും കമ്പനി അധികൃതർ 24 നോട് പറഞ്ഞു.
കരാർ ഏറ്റെടുത്ത എ.കെ ഗ്രൂപ്പ് കമ്പനി അധികൃതർ രാവിലെ എട്ടുമണി മുതൽ ടോൾ പിരിവിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. ഉടൻ തന്നെ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം ആരംഭിച്ചു. പിന്നീടുള്ള രണ്ടു മണിക്കൂർ നേരം ടോൾ ബൂത്ത് പരിസരം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കായിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ടോൾ പിരിവ് തുടങ്ങി. ടോൾ പിരിവിൻ്റെ ആദ്യമണിക്കൂറുകളിൽ ബൈപ്പാസിൽ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. ആവശ്യമെങ്കിൽ പ്രതിഷേധക്കാരുമായി ഇനിയും ചർച്ചയാകാമെന്ന് കമ്പനി അധികൃതർ 24 നോട് വ്യക്തമാക്കി.
ടോൾബൂത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമാണ്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപയാണ് നിരക്ക്.
Story Highlights: kollam bypass, toll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here