Advertisement

ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിനവസാനം; നിറകണ്ണുകളോടെ റയൽ മാഡ്രിഡിന്റെ പടിയിറങ്ങി റാമോസ്

June 17, 2021
2 minutes Read
Ramos Real Madrid farewell

16 വർഷം നീണ്ട ബ്രഹത്തായ കരിയറിനു ശേഷം റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിട്ടു. നിറകണ്ണുകളോടെയാണ് സ്പാനിഷ് പ്രതിരോധ താരം ക്ലബിനോടും ആരാധകരോടും വിടപറഞ്ഞത്. താരത്തിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പെട്ട ഒരു സമയമാണ് ഇത്. റയലിനോട് വിടപറയാൻ നമ്മൾ ഒരിക്കലും തയ്യാറാവില്ല. പക്ഷേ, ഇപ്പോൾ അതിനുള്ള സമയമായിരിക്കുന്നു. എൻ്റെ പിതാവിനൊപ്പമാണ് ഞാൻ ഇവിടേക്ക് വന്നത്..”- റാമോസിൻ്റെ കണ്ണുകൾ നിറഞ്ഞു. എങ്കിലും അദ്ദേഹം പ്രസംഗം തുടർന്നു. കുടുംബത്തിനും ക്ലബിനും പരിശീലകർക്കും ക്ലബ് തൊഴിലാളികൾക്കും ആരാധകർക്കും സഹതാരങ്ങൾക്കുമൊക്കെ അദ്ദേഹം നന്ദി അറിയിച്ചു. “റയൽ എന്നും എൻ്റെ ഹൃദയത്തിലുണ്ടാവും. ഒരുപാട് കഷ്ടപ്പെട്ടും സമർപ്പണം നടത്തിയുമാണ് നമ്മൾ 22 കിരീടങ്ങൾ ഇക്കാലയളവിൽ നേടിയത്. ഒരു സവിശേഷ വേദി അവസാനിക്കുകയാണ്. ഇവിടെപ്പോലെ എവിടെയുമാവില്ല. പക്ഷേ, എൻ്റെ ഭാവിയെക്കുറിച്ച് ഞാൻ ആകാംക്ഷയിലാണ്. എല്ലാവരോടും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ഇത് എന്നെന്നേക്കുമുള്ള ഒരു വിടവാങ്ങൽ അല്ല. കാരണം, ഞാൻ തിരികെ വരും.”- റാമോസ് പറഞ്ഞു.

https://youtu.be/cGl0Eb9R3PI

2005ലാണ് 19 കാരനായ റാമോസ് റയൽ മാഡ്രിഡിൽ എത്തുന്നത്. സെവിയ്യയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് സ്പാനിഷ് വമ്പന്മാർക്കൊപ്പം പന്ത് തട്ടിത്തുടങ്ങിയ റാമോസ് 16 വർഷങ്ങൾ കൊണ്ട് 671 തവണയാണ് റയലിനായി കളത്തിലിറങ്ങിയത്. 101 തവണ റാമോസ് എതിരാളികളുടെ ഗോൾവലയം ഭേദിച്ചു. അഞ്ച് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 22 കിരീടങ്ങളാണ് റയലിനൊപ്പം റാമോസ് നേടിയത്.

കണക്കുകൾക്കപ്പുറം റയലിൻ്റെ പ്രതിരോധത്തിലെ ഏറ്റവും വിശ്വസ്തനായ കണ്ണിയായിരുന്നു മലയാളി ആരാധകർ രാമേട്ടൻ എന്ന് വിളിക്കുന്ന റാമോസ്. കളിക്കളത്തിൽ പലവട്ടം കൊമ്പുകോർത്തിട്ടുണ്ടെങ്കിലും ചിരവൈരികളായ ബാഴ്സലോണയുടെ ആരാധകർക്കും റാമോസിൻ്റെ വിടപറയൽ വൈകാരികമായ ഒന്നാണ്. ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം ഛിന്നഭിന്നമായ റയൽ മാഡ്രിഡ് താരങ്ങളുടെ മൊറാൽ മെച്ചപ്പെടുത്തിയ നായകനെന്നാവും ഇനിയൊരു കാലത്ത് റാമോസ് അറിയപ്പെടുക.

എവിടേക്കാണ് റാമോസ് പോവുക എന്നതിൽ വ്യക്തതയില്ല. പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.

Story Highlights: Sergio Ramos bids Real Madrid farewell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top