യൂറോ കപ്പ്: ക്രൊയേഷ്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും

യൂറോ കപ്പിൽ ക്രൊയേഷ്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. ടൂർണമെൻ്റിലെ രണ്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇന്ന് ബൂട്ടുകെട്ടുക. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ സമയം രാത്രി 9.30ന് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോൾ നാളെ പുലർച്ചെ 12.30ന് ഇംഗ്ലണ്ട് സ്കോട്ലൻഡിനെ നേരിടും. ക്രൊയേഷ്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെ കീഴ്പ്പെടുത്തിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കാണ് കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയുടെ എതിരാളികൾ. ഇംഗ്ലണ്ടിനെതിരെ മികച്ച കളി കെട്ടഴിച്ചെങ്കിലും പരാജയപ്പെട്ടത് ക്രൊയേഷ്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കാൻ ഇടയുണ്ട്. എന്നാൽ, കരുത്തരായ ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനം അവർക്ക് ആത്മവിശ്വാസം നൽകും. ലൂക്ക മോഡ്രിച്, ഇവാൻ പെരിസിച്, ആന്ദ്രേ റെബിച്, മത്തെയോ കൊവാസിച് തുടങ്ങി ലോകോത്തര താരങ്ങളുടെ സാന്നിധ്യം ക്രൊയേഷ്യക്ക് കരുത്താണ്. മറുവശത്ത് സ്കോട്ലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ ചെക്ക് റിപ്പബ്ലിക് ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിലാണ്. മത്സരത്തിൽ പാട്രിക് ഷിക്ക് നേടിയ വണ്ടർ ഗോൾ ഏറെ ചർച്ചയായിരുന്നു.
ഇംഗ്ലണ്ടിന് ഇന്ന് ഗ്രൂപ്പിൽ അവസാനമുള്ള സ്കോട്ലൻഡ് ആണ് എതിരാളികൾ. ക്രൊയേഷ്യക്കെതിരെ വിജയിക്കാനായെങ്കിലും ഒരു ടീമെന്ന നിലയിൽ ഇനിയും പൂർണത വരാനുള്ള ടീമാണ് ഇംഗ്ലണ്ട്. ഗാരത് സൗത്ത്ഗേറ്റിൻ്റെ തന്ത്രങ്ങൾ വിമർശിക്കപ്പെടുന്നുമുണ്ട്. പക്ഷേ, സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇംഗ്ലണ്ടിന് സ്കോട്ലൻഡ് ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയർത്തിയേക്കില്ല. ഈ മത്സരത്തിൽ വിജയിച്ചാൽ ഇംഗ്ലണ്ട് പ്രീക്വാർട്ടർ ഉറപ്പിക്കും.
യൂറോ കപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 6.30ന് സ്വീഡൻ സ്ലൊവാക്യയെ നേരിടും. ഗ്രൂപ്പ് ഇയിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ സ്ലൊവാക്യ പ്രീക്വാർട്ടർ ഉറപ്പിക്കും.
Story Highlights: euro cup croatia and england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here