Advertisement

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ 21 മുതല്‍; ക്രമീകരണങ്ങൾ പൂർത്തിയായി

June 18, 2021
0 minutes Read

ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂൺ 21 മുതൽ ആരംഭിക്കാനാണ് തീരുമാനം. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശം ഇറങ്ങി. അവസാന വർഷ എംബിബിഎസ് അടക്കം ഉള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്.

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും കൊവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ത്ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പരിശോധനയില്‍ പോസീറ്റീവായ വിദ്യാര്‍ത്ഥികളെ മറ്റൊരു ഹാളിലിരുത്തും. ഇവിടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. പരീക്ഷാ ഹാളില്‍ 2 മീറ്റര്‍ അകലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകലാശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹോസ്റ്റലില്‍ വരേണ്ട വിദ്യാര്‍ത്ഥികള്‍ കഴിവതും നേരത്തെ കോവിഡ് പരിശോധന നടത്തി ഹോസ്റ്റലില്‍ എത്തേണ്ടതാണ്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ത്ഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്. രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടി നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളില്ലാത്തവര്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി.

പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടൈന്‍മെന്റ് സോണിലാണെങ്കില്‍ അത് അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുന്നതാണ്. അതുപോലെ കണ്ടൈന്‍മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പോകാനും അനുമതി നല്‍കും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങൾ കോളേജ് തന്നെ ഒരുക്കേണ്ടതാണ്.

ജൂലൈ ഒന്നോടുകൂടി പരിശോധിച്ച ശേഷം പടിപടിയായി നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. ആദ്യം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളായിരിക്കും ആരംഭിക്കുക. അത് വിലയിരുത്തി ക്രമേണ മറ്റ് ക്ലാസുകളും ആരംഭിക്കുന്നതാണ്. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായി തന്നെ നടത്തും. പ്രാക്ടിക്കല്‍ ക്ലാസുകളും ക്ലിനിക്കല്‍ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top