Advertisement

‘എന്നെ കീറിമുറിക്കുമ്പോൾ വീഴുന്നത് ഞാനല്ല, നിങ്ങളാണ്’; വേടൻ ക്ഷമാപണ പോസ്റ്റിലെ ലൈക്ക് വിവാദത്തിൽ പ്രതികരിച്ച് പാർവതി

June 18, 2021
3 minutes Read
parvathy instagram post vedan

റാപ്പർ വേടൻ്റെ ക്ഷമാപണ പൊസ്റ്റിൽ നടി പാർവതി തിരുവോത്ത് ലൈക്ക് ചെയ്ത സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. വിമർശനങ്ങൾക്കൊടുവിൽ പാർവതി ലൈക്ക് പിൻവലിക്കുകയും വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, വിശദീകരണക്കുറിപ്പും വിമർശനവിധേയമാവുകയും പലരും ഇക്കാര്യത്തിൽ എതിർപ്പറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വീണ്ടും പാർവതി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നതിലൂടെ തൻ്റെയല്ല, നിങ്ങളുടെ പ്രശ്നങ്ങളാണ് വെളിപ്പെടുന്നത് എന്ന് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടുതൽ മികച്ച വ്യക്തിയാവാൻ താൻ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ, നിങ്ങളുടെ നിഗമനങ്ങൾ വച്ച് എന്നെ കീറിമുറിക്കുമ്പോൾ വീഴുന്നത് നിങ്ങൾ തന്നെ ആയിരിക്കുമെന്നും പാർവതി കുറിച്ചു.

പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പരിഭാഷ:

ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ എന്നെ വലിച്ചുകീറിയതിലുള്ള സന്തോഷവും ഞാൻ ആരാണെന്നു കാണിക്കുന്നതിനെക്കാൾ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നാം ഒരു കാര്യത്തിനോടും യോജിക്കണമെന്ന നിർബന്ധമില്ല. എന്നാൽ സംവാദത്തിനും സംഭാഷണത്തിനും മാന്യമായ ഇടം അനുവദിച്ച് വളരാനുള്ള അനുവാദം നൽകുന്നില്ലെങ്കിൽ, ഭ്രഷ്ട് കൽപിക്കുന്ന സംസ്കാരത്തോടാണ് നിങ്ങൾ ചേർന്നു നിൽക്കുന്നത്.

ഞാൻ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയല്ല. എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ല. അതേസമയം നിങ്ങൾ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും അടിസ്ഥാനമാക്കി മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും.

Story Highlights: parvathy instagram post on vedan controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top