ആയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട്ട പട്ടേലിന് എതിരായ പരാമര്‍ശത്തില്‍ സിനിമാപ്രവര്‍ത്തക ആയിഷ സുല്‍ത്താനയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രണ്ട് മണിക്കൂറില്‍ അധികം പൊലീസിന്റെ ചോദ്യം ചെയ്യല്‍ നീണ്ടു. നാല് ദിവസം കൂടി കവരത്തിയില്‍ തുടരാന്‍ പൊലീസ് ആയിഷയോട് ആവശ്യപ്പെട്ടു. അതിനിടയില്‍ ഒരു ദിവസം ഒരു പ്രാവശ്യം കൂടി ചോദ്യം ചെയ്‌തേക്കും. അപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കാമെന്നാണ് സൂചന.
തിരിച്ചും മറിച്ചും പൊലീസ് ചോദ്യം ചെയ്‌തെന്നും എന്നാല്‍ ബയോ വെപ്പണ്‍ പരാമര്‍ശം രാജ്യദ്രോഹപരമല്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. കവറത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.
സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ആയിഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ശേഷമായിരുന്നു കോടതി ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
Story Highlights: ayesha sulthana, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here