‘അവൾ ആത്മഹത്യ ചെയ്യില്ല, അന്വേഷിക്കണം’; അർച്ചനയുടെ അച്ഛൻ

വിഴിഞ്ഞം പയറ്റുവിളയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ. മകളുടെ ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട്. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങി വച്ചതെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.
മകളുടേത് പ്രണയവിവാഹമായിരുന്നു. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകൾ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, താൻ പലപ്പോഴും വീട്ടിലെത്തിയാൽ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും, അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹശേഷം പല തവണ സുരേഷും അർച്ചനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അർച്ചന വീട്ടിൽ പറയുമായിരുന്നില്ല. നഴ്സിംഗ് കോഴ്സ് പാസ്സായ അർച്ചനയെ റജിസ്റ്റർ ചെയ്യാനോ ജോലി ചെയ്യാൻ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്പോൾ അർച്ചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്. പ്രശ്നങ്ങളെല്ലാം താൻ തന്നെ പരിഹരിച്ചോളാമെന്ന് അർച്ചന അപ്പോഴെല്ലാം പറയുമെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.
അർച്ചന മരിക്കുന്നതിന് തലേന്ന് സുരേഷിന്‍റെ അച്ഛൻ വീട്ടിൽ വന്നിരുന്നുവെന്നാണ് അർച്ചനയുടെ അച്ഛൻ പറയുന്നത്. സുരേഷിന്‍റെ സഹോദരന് വസ്തു വാങ്ങാൻ 3 ലക്ഷം രൂപ ചോദിച്ചു. എന്നാൽ അത്രയും പണം അപ്പോൾ തന്‍റെ പക്കലുണ്ടായിരുന്നില്ല. സുരേഷും അർച്ചനയും തലേന്ന് വീട്ടിലേക്ക് വന്നിരുന്നു. അന്ന് സുരേഷ് വീട്ടിലേക്ക് ഡീസൽ വാങ്ങി കൊണ്ടുവയ്ക്കുന്നതെന്തിനെന്ന് താൻ ചോദിച്ചതാണ്. ഉറുമ്പുശല്യം ഒഴിവാക്കാനാണെന്നാണ് സുരേഷ് അപ്പോൾ പറഞ്ഞതെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, കൊന്നതാണെന്നും അർച്ചനയുടെ അച്ഛൻ ആവർത്തിക്കുന്നു.
ഇന്ന് രാവിലെയോടെയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Story Highlights: Women suicide in husband’s home, Father Response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here