മൈക്രോ ഗ്രീൻ കൃഷി ഇനി വീട്ടിലും; പതിനേഴുകാരിയുടെ 5 എളുപ്പ മാർഗങ്ങൾ

സ്കൂളുകൾ ഓൺലൈൻ അധ്യാപനത്തിലേക്ക് വഴിമാറിയതോടെ, 17 കാരിയായ നിഷ പതക് തന്റെ സ്ക്രീൻ സമയം വർദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലയായിരുന്നു. കമ്പ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനും സ്വയം സജീവമായി തുടരാനും നിഷ കൃഷി ആരംഭിച്ചു. രാജസ്ഥാനിലെ ജയ്‌പൂരിലെ നീരജ മോദി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിഷ പതക്.
അധിക സമയം കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുന്നിൽ ചിലവഴിക്കാൻ നിഷ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ അവൾ കൃഷിയിലേക്ക് തിരിഞ്ഞു. പച്ചക്കറികളും മറ്റും നട്ട് വളർത്താനും അത് തന്റെ പരിസര പ്രദേശത്തെ നിരാലംബരായ കുടുംബങ്ങൾക്ക് നൽകാനും നിഷ ആഗ്രഹിച്ചു. തന്റെ പരിസരത്ത് തന്നെയുള്ള ഒരു കൃഷിക്കാരനിൽ നിന്ന് നിഷ വിത്തുകൾ തയാറാക്കാനും നടനും മറ്റും പഠിച്ചു.
തുടക്കത്തിൽ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് നിഷ കൃഷി ചെയ്തത്. വിളവെടുത്തപ്പോൾ അത് തന്റെ പരിസര പ്രദേശത്തെ നിരാലംബരായ കുടുംബങ്ങൾക്ക് അവൾ വിതരണം ചെയ്തു.
പച്ചക്കറികൾ വളർത്താൻ മാസങ്ങൾ വേണ്ടി വരുമെന്ന് മനസിലാക്കിയ നിഷ മൈക്രോ ഗ്രീൻ കൃഷിയിലേക്ക് തിരിഞ്ഞു. ദിവസേന പച്ചക്കറികൾ വാങ്ങാൻ കഴിവില്ലാത്ത കുടുംബങ്ങൾക്ക് പോഷകാഹാരത്തിന് ബദലായി നിഷ മൈക്രോ ഗ്രീൻ സമ്മാനിച്ചു. നിരാലംബരായ സ്ത്രീകൾക്ക് മൈക്രോ ഗ്രീൻ വീട്ടിൽ വളർത്താൻ വേണ്ടി വർക്ക് ഷോപ്പുകൾ നടത്തുകയും ചെയ്തു.
“മൈക്രോ ഗ്രീനുകൾ വളർത്താൻ പാത്രങ്ങളോ കലങ്ങളോ വാങ്ങാൻ ആവശ്യപ്പെടുന്നതിലൂടെ അധികച്ചെലവ് വഹിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. സുസ്ഥിര പരിഹാരമെന്ന നിലയിൽ, ശൂന്യമായ പാൽ പാക്കറ്റുകളിൽ വളർത്താൻ ഞാൻ തീരുമാനിച്ചു, ”നിഷ പറഞ്ഞു.
ഇതുവരെ, പത്ത് നിരാലംബരായ സ്ത്രീകൾക്ക് വർക്ക് ഷോപ്പും, 35 അയൽക്കാർക്ക് വെർച്വൽ വർക്ക് ഷോപ്പുകളും നിഷ നടത്തി.
പാൽ പാക്കറ്റുകളിൽ നിങ്ങൾക്ക് മൈക്രോ ഗ്രീനുകൾ എങ്ങനെ വളർത്താമെന്നത് ഇതാ:
ആവശ്യ സാധനങ്ങൾ
- ഒഴിഞ്ഞ പാൽ പാക്കറ്റ്
- പാക്കറ്റിൽ നിറക്കാനുള് മണ്ണും വളവും മിക്സ് (ഓർഗാനിക് പോട്ടിംഗ് മിക്സ്)
- ഉലുവ അല്ലെങ്കിൽ കടുക്.
ഘട്ടം 1: ഒരു പിടി ഉലുവ അല്ലെങ്കിൽ കടുക് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക.
ഘട്ടം 2: ഒരു പാൽ പാക്കറ്റ് നന്നായി കഴുകി ഉണക്കുക.
ഘട്ടം 3: കത്രിക ഉപയോഗിച്ച് അധിക വെള്ളം വാർന്ന് പോകാൻ പാക്കറ്റിന്റെ അടിയിൽ ദ്വാരം ഇടുക.
ഘട്ടം 4: ഓർഗാനിക് പോട്ടിംഗ് മിക്സ് ഉപയോഗിച്ച് പാൽ പാക്കറ്റിന്റെ 3/4 നിറയ്ക്കുക.
ഘട്ടം 5: കുതിർത്ത വിത്തുകൾ തുല്യമായി വിതറുക ശേഷം കുറച്ച് മണ്ണിട്ട് മൂടുക.
അവസാനമായി, കുറച്ച് വെള്ളം തളിച്ച് നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വയ്ക്കുക. എല്ലാ ദിവസവും വെള്ളം തളിക്കുന്നത് തുടരുക, ഏഴു ദിവസത്തിനുള്ളിൽ മൈക്രോഗ്രീനുകൾ കഴിക്കാൻ പാകത്തിൽ തയ്യാറാകും.
ഇലകൾ ഒരിക്കൽ എടുത്ത് കഴിഞ്ഞാൽ, അതേ പാൽ പാക്കറ്റിൽ നിങ്ങൾക്ക് പ്രക്രിയ വീണ്ടും ആവർത്തിക്കാം. എന്നിരുന്നാലും, നിങ്ങൾ മണ്ണിന്റെ മുകളിലെ പാളി നീക്കം ചെയ്യുകയും പുതിയ പോട്ടിംഗ് മിശ്രിതം ചേർക്കുകയും വേണം.
പൂർണ്ണമായും വളരുന്ന പച്ചക്കറികളേക്കാൾ കൂടുതൽ പോഷകങ്ങൾ ഈ ചെറിയ ഇലകളിൽ അടങ്ങിയിട്ടുണ്ട്, ഇവ പാകം ചെയ്യേണ്ടതില്ല.
“അവ അലങ്കാരമായി വിഭവങ്ങളിൽ വിതറി ഫ്രഷായി കഴിക്കാം,” നിഷ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here