3 ഐസിസി ടൂർണമെന്റുകൾക്കുള്ള ശ്രമവുമായി ഇന്ത്യയും ശ്രീലങ്കയും; പാകിസ്താന്റെ ലക്ഷ്യം അഞ്ച് ടൂർണമെന്റ്

2024-31 കാലയളവിൽ നടക്കുന്ന ഐസിസി ടൂർണമെൻ്റുകളുടെ ആതിഥേയത്വത്തിനുള്ള ശ്രമവുമായി ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകൾ. ഇക്കാലയളവിൽ നടക്കുന്ന മൂന്ന് വീതം ടൂർണമെൻ്റുകൾക്ക് ആഥിത്യം വഹിക്കാനാണ് ഇന്ത്യയും ശ്രീലങ്കയും ശ്രമിക്കുന്നത്. അതേസമയം, അഞ്ച് ടൂർണമെൻ്റുകൾക്കായാണ് പാകിസ്താൻ്റെ ശ്രമം.
2025 ചാമ്പ്യൻസ് ട്രോഫി, 2028 ടി20 ലോകകപ്പ്, 2031 ഏകദിന ലോകകപ്പ് എന്നിവക്കായാണ് ഇന്ത്യയുടെ ശ്രമം. ബിഡിനുള്ള ശ്രമം അപക്സ് കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. അപക്സ് കൗൺസിൽ യോഗത്തിനു ശേഷം ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, 2023 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്ന് 2025 ചാമ്പ്യൻസ് ട്രോഫി ലഭിക്കുമോ എന്നതിൽ വ്യക്തതക്കുറവുണ്ട്.
അയൽരാജ്യമായ ശ്രീലങ്കയും മൂന്ന് ടൂർണമെൻ്റുകൾക്കാണ് ശ്രമിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻ്റുകൾക്കാവും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ ശ്രമം. ഇക്കാര്യം തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് ടൂർണമെൻ്റുകൾക്കായി ബിഡ് ചെയ്യാനൊരുങ്ങുന്ന പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ഒറ്റക്ക് നടത്താൻ താത്പര്യപ്പെടുന്നു. എന്നാൽ, ഏകദിന, ടി-20 ലോകകപ്പുകൾ ഇന്ത്യ ഒഴികെയുള്ള മറ്റേതെങ്കിലും ഏഷ്യൻ രാജ്യവുമായി സംയോജിച്ച് സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്.
Story Highlights: india srilanka pakistan to bid for icc tournaments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here