കളിക്കളത്തിനു നിറം പകരുന്ന ലിയോ മെസിയുടെ വൈകുന്നേരങ്ങൾ

“ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ്.” 2020 സെപ്തംബർ 4 പുലർന്നത് ലിയോ മെസിയുടെ ഈ ആരോപണത്തോടെയായിരുന്നു. ഫുട്ബോൾ ലോകം മൂക്കത്ത് വിരൽ വച്ചു. കളിക്കളത്തിൽ, പന്ത് കിട്ടുമ്പോൾ മാത്രം അഗ്രസീവാകാറുള്ള ലിയോ. അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്ന ലിയോ. കളത്തിനകത്തും പുറത്തും മാന്യത കൊണ്ട് സ്വന്തം ഇരിപ്പിടം സൂക്ഷിക്കുന്ന ലിയോ പറയുന്നത് സ്വന്തം ക്ലബ് മാനേജ്മെൻ്റിനും പ്രസിഡൻ്റിനും എതിരെയാണ്. അതും ഒരു പ്രമുഖ മാധ്യമത്തിന് പ്രത്യേകമായി നൽകിയ അഭിമുഖത്തിൽ.
ചർച്ചകൾ കൊഴുത്തു, ആരാധകരടക്കം ക്ലബ് ബോർഡിനെതിരെ തിരിഞ്ഞു. അവിശ്വാസ പ്രമേയത്തിനുള്ള കളം മൂത്തു. ഒടുവിൽ ഒക്ടോബർ 28ന് ക്ലബ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു രാജിവച്ചു. പ്രസിഡൻ്റിനൊപ്പം ബോർഡ് അംഗങ്ങൾ എല്ലാം രാജിവച്ച് ഒഴിഞ്ഞു. ബാർതോമ്യുവിൻ്റെ ഭരണത്തിൽ ഏറെക്കാലമായി അസ്വസ്ഥരായിരുന്ന, പ്രതിഷേധിച്ചിരുന്ന ബ്ലോഗ്രാന ആരാധകരുടെ അഗ്രഹം സഫലമായി. ക്ലബിനു മുകളിൽ ഒരു താരം ഉയരുന്ന കാഴ്ച.
16 വർഷങ്ങൾക്കു മുൻപ്, 2005 മെയ് മാസം ഒന്നാം തിയതി സാമുവൽ എറ്റുവിനു പകരക്കാരനായി കളത്തിലിറങ്ങിയ 17 വയസ്സുകാരനായ നീളൻ മുടിക്കാരൻ പയ്യൻ റോണാൾഡീഞ്ഞോ ഡിഫൻഡർമാർക്ക് മുകളിലൂടെ ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് ഒരു ലോബ് ഷോട്ടിലൂടെ ഗോൾ കീപ്പറെ കീഴടക്കുമ്പോൾ ചരിതം സ്വപ്നേപി വിചാരിച്ചിരുന്നില്ല ഇവൻ ഒരിക്കൽ കാല്പന്ത് ലോകം ഭരിക്കുമെന്ന്. താൻ നൽകിയ അസിസ്റ്റിൽ നിന്ന് ഗോൾ നേടിയ മെസിയെ എടുത്തുയർത്തി ‘ഇതാ എനിക്കൊരു പിൻ ഗാമി’ എന്ന് വിളംബരം ചെയ്ത 2005 മുതൽ ‘കുഞ്ഞനിയൻ എന്ന് സ്നേഹത്തോടെ വിളിച്ചു കൊണ്ട് റൊണാൾഡീഞ്ഞോ മെസിയെ വഴി തെളിക്കുന്നത് കൺ നിറഞ്ഞ് കാണുകയായിരുന്നു. 2008ൽ റൊണാൾഡീഞ്ഞോ ബാഴ്സയിൽ അസ്തമിച്ചപ്പോൾ മെസി പൂർണമായും ഉദിച്ചു കഴിഞ്ഞിരുന്നു. ഇന്ന് ലയണൽ ആന്ദ്രേസ് മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. റെക്കോർഡുകളുടെ കളിത്തോഴൻ.
മെസിയുടെ ബാഴ്സ ലെഗസി അവിടെ നിൽക്കട്ടെ. ദേശീയ ജഴ്സിയിൽ മെസി ശരാശരിയാണെന്ന വിലയിരുത്തലിനിടെയാണ് 2014 ലോകകപ്പ് എത്തുന്നത്. ടൂർണമെൻ്റിൽ ഫൈനലിലെത്തിയ അർജൻ്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജർമ്മനിയോട് പരാജയപ്പെട്ടു. എന്നാൽ, ആ ലോകകപ്പിൽ ഏറ്റവും മികച്ച താരമായ മെസി ഏറേക്കുറെ ഒറ്റക്ക് ടീമിനെ ചുമലിലേറ്റിയാണ് റണ്ണേഴ്സ് അപ്പ് സ്ഥാനം വരെ എത്തിച്ചത്. സ്പെയിനിൽ നിന്നുള്ള ക്ഷണം നിരസിച്ചാണ് മെസി തൻ്റെ സ്വന്തം രാജ്യമായ അർജൻ്റീനയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുന്നത്. റിസൽട്ടുകൾ ഉണ്ടാവാത്തതിൽ മനം നൊന്ത് മെസി വിരമിക്കുന്ന സ്ഥിതി വരെ ഉണ്ടായി. പക്ഷേ, മെസിയെ ആശ്രയിച്ച് കളി മെനഞ്ഞുകൊണ്ടിരുന്ന രീതി അവസാനിപ്പിച്ച് ഓരോ കളിക്കാരനും കൃത്യമായ റോൾ പകുത്തുനൽകുന്ന പരിശീലകൻ അർജൻ്റീനയ്ക്ക് ഉണ്ടായപ്പോൾ റിസൽട്ടുകൾ ഉണ്ടാവുന്നു. ലയണൽ സ്കലോണി എന്ന പരിശീലകൻ അർജൻ്റീനയുടെ ഉയിർത്തെഴുന്നേല്പിൻ്റെ അമരക്കാരനാവുന്നത് അങ്ങനെയാണ്. 16 മത്സരങ്ങളായി അർജൻ്റീന പരാജയം അറിഞ്ഞിട്ടില്ല. മെസി അന്നും ഇന്നും ഒരേ പ്രകടനങ്ങളാണ്. അതിനൊപ്പം ടീം ഉയർന്നതോടെ റിസൽട്ടുകൾ ഉണ്ടാവുന്നു.
ഇനി ഏറെക്കാലം മെസി കളിക്കളത്തിൽ ഉണ്ടാവില്ല. 34 വയസ്സ് പിന്നിട്ടുകഴിഞ്ഞു അദ്ദേഹത്തിന്. ലോകം കണ്ട ഏറ്റവും മികച്ച കാല്പന്തുകളിക്കാരിൽ ഒരാളുടെ വൈകുന്നേരത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വൈകുന്നേരത്തിനൊടുവിൽ സൂര്യൻ അസ്തമിക്കും. സങ്കടപ്പെടും, കണ്ണ് നിറയും.
ഇരട്ടി ഉയരവും ശരീരവുമുള്ള എതിരാളികളെ കാഴ്ചക്കാരാക്കി പന്തുമായി കുതിക്കുന്ന 13കാരൻ കുഞ്ഞ് ലിയോയെ കണ്ട് മതിമറന്ന മുൻ ബാഴ്സലോണ ജനറൽ സെക്രട്ടറി ചാൾസ് റെക്സാച് ആദ്യ കോണ്ട്രാക്ട് എഴുതാൻ ഉപയോഗിച്ച ടിഷ്യൂ പേപ്പർ ഇപ്പോൾ ന്യൂ കാമ്പിൽ ചില്ലിട്ടു വച്ചിട്ടുണ്ടെന്നതാണ് മെസി അവശേഷിപ്പിക്കുന്ന ലഗസി. വളർച്ചാക്കുറവും എല്ലിൻ്റെ ബലക്ഷയവും മറികടന്ന് ഫുട്ബോൾ ലോകത്തിൻ്റെ മിശിഹാ ആയി പടർന്ന് നിൽക്കുന്ന പ്രിയപ്പെട്ട ലിയോ. നടക്കില്ലെന്ന് വിധിയെഴുതപ്പെട്ട കാലുകൾ കൊണ്ട് ലോകം മുഴുവനുമുള്ള മൈതാനങ്ങൾ ഓടിത്തീർത്ത ലിയോ. ഇപ്പോഴും ഇംഗ്ലീഷ് അറിയില്ലാത്ത, സ്പാനിഷിൽ മാത്രം സംസാരിക്കുന്ന ലിയോ.
ഹാപ്പി ബർത്ത്ഡേ ലിയോ.
Story Highlights: happy birthday lionel messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here