കൊല്ലത്ത് കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച സംഭവം; യുവതികൾ വീടുവിട്ടത് ആത്മഹത്യാ കുറിപ്പെഴുതിവച്ചതിനു ശേഷം

കൊല്ലത്ത് കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികൾ ആത്മഹത്യാ കുറിപ്പെഴുതി വച്ചിരുന്നു എന്ന് അയൽവാസി. രാവിലെ പത്തേമുക്കാലോടെ കല്ലുവാതുക്കൽ ജംഗ്ഷനിൽ വച്ച് ഇവരെ കണ്ടുവെന്നും ചോദിച്ചപ്പോൾ അക്ഷയ സെൻ്ററിൽ പോവുകയാണെന്നാണ് പറഞ്ഞതെന്നും സിവിൽ റെസ്ക്യൂ ഡിഫൻസിലെ വളണ്ടിയർ കൂടിയായ സുരേഷ് കുമാർ പറഞ്ഞു. ഇവർക്കായി ഇത്തിക്കരയാറിൽ തെരച്ചിൽ തുടരുകയാണ്.
“ആര്യ എന്ന കുട്ടി എന്നോട് പറഞ്ഞു, സ്റ്റേഷനിൽ നിന്ന് കേസിൻ്റെ കാര്യവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ചു. പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നും അവിടെ പോയി മൊഴികൊടുത്ത് തിരികെ വരിക എന്ന് ഞാൻ പറഞ്ഞു. പ്രശ്നം ഉണ്ടാകുമോ എന്ന് അവർക്ക് പേടിയുണ്ടായിരുന്നു. രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിൽ എടുത്തിരുന്ന സിം ആയിരുന്നു. അങ്ങനെ പ്രശ്നം ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു. മൂന്ന് മണിയോടെ ഇവരെ കാണാനില്ലെന്നറിഞ്ഞു. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് ഇവർ പോയത്. ഭർത്താവ് രഞ്ജിത്തുമായി ജീവിച്ച് കൊതി തീർന്നിട്ടില്ലെന്നും തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. കത്ത് സ്റ്റേഷനിൽ ഏല്പിച്ചു.”- സുരേഷ് കുമാർ ട്വൻ്റിഫോറിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഈ യുവതികൾ നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ഇവരെ കാണാതാവുകയായിരുന്നു.
Story Highlights: women left home after writing a suicide note
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here