Advertisement

എം സി ജോസഫൈന് എതിരെ സിപിഐഎമ്മിന് ലഭിച്ചത് നിരവധി പരാതികള്‍; കൂടുതലും പരുഷമായ പെരുമാറ്റത്തെ കുറിച്ച്

June 26, 2021
1 minute Read

വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി രാജിവച്ച എം സി ജോസഫൈനെതിരെ സിപിഐഎമ്മിന് മുന്നിലുണ്ടായിരുന്നത് പരാതിക്കൂമ്പാരം. പാര്‍ട്ടി അംഗങ്ങളുടേതടക്കമുള്ള പരാതികള്‍ കൂടി പരിഗണിച്ചാണ് ജോസഫൈനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്.

എം സി ജോസഫൈന്റെ പരുഷമായ പെരുമാറ്റത്തിനെതിരെയാണ് സിപിഐഎമ്മിന് കൂടുതല്‍ പരാതികള്‍ ലഭിച്ചിരുന്നത്. സഹായം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്നുവെന്ന് പരാതി നല്‍കിയവരില്‍ പാര്‍ട്ടി അംഗങ്ങള്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെയുണ്ട്. സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടു.

പരാതിക്കാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയുള്ള ഇടപെടലുകളും വിമര്‍ശന വിധേയമായി. ചാനല്‍ പരിപാടിയില്‍ പരാതി പറയാനെത്തിയവരോട് പേരു പറയാന്‍ നിര്‍ബന്ധിച്ചത് ചൂണ്ടിക്കാട്ടി ഇത്രയും നാള്‍ അധ്യക്ഷ സ്ഥാനത്തിരുന്നിട്ട് ഇക്കാര്യങ്ങളൊന്നും അറിയില്ലേയെന്നായിരുന്നു മുതിര്‍ന്ന അംഗം ഉയര്‍ത്തിയ ചോദ്യം.

എം സി ജോസഫൈന്റെ രാജി അംഗീകരിക്കപ്പെട്ടതോടെ എത്രയും വേഗം പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ പി കെ ശ്രീമതിയുടെ പേരിനാണ് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കം. സംസ്ഥാന സമിതിയംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിയമ്മ, ടി എന്‍ സീമ, സി എസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരുകളും സജീവം.

നിലവിലെ കമ്മീഷനംഗം ഷാഹിദാ കമാലിനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മുന്‍പ് ജസ്റ്റിസ് ഡി ശ്രീദേവിയെ നിയോഗിച്ചതുപോലെ മുഴുവന്‍സമയ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരവുമുള്ളവരെ കണ്ടെത്താനുമുണ്ട് ശ്രമം. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനം കൈക്കൊള്ളുക. അതിനുമുന്‍പ് വിവിധ തലത്തിലുള്ള കൂടിയാലോചനകളിലൂടെ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കും.

Story Highlights: m c josephine, womens commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top