കണ്ണൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെത് അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിന് പങ്കുള്ളതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ നേരത്തെയും സമാന കേസുകളില്‍ ഇടപെട്ടതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം.
കണ്ണൂരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണക്കടത്ത് സംഭവങ്ങളില്‍ അര്‍ജുനടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുള്ള പങ്ക് അന്വേഷിക്കും. സ്വര്‍ണക്കടത്തില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കൂത്തുപറമ്പില്‍ ക്വറന്റീനില്‍ ഇരുന്ന യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിലും കണ്ണൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം.
അതേസമയം ഇത്തരം കേസുകളില്‍ പരാതിക്കാര്‍ ഇല്ല എന്നതാണ് അന്വേഷണ സംഘങ്ങളെ വലയ്ക്കുന്നത്. കരിപ്പൂര്‍ കേസില്‍ പേര് ഉയര്‍ന്നതിന് പിന്നാലെ അര്‍ജുന്‍ ആയങ്കി ഒളിവിലാണ്. അര്‍ജുന്‍ ഉപയോഗിച്ച കാറും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
Story Highlights: arjun ayanki, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here