കുരങ്ങന്മാർ ആപ്പിൾ തിന്നാതെ നോക്കിക്കോ, ഇല്ലെങ്കിൽ ‘പണി കിട്ടും’; ഉത്തരാഖണ്ഡ് പോലീസ് മെമ്മോ വൈറലാകുന്നു

ഔദ്യോഗിക വസതിയിലെ ആപ്പിൾ മരങ്ങൾ കുരങ്ങന്മാരിൽ നിന്ന് സംരക്ഷിച്ചില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് പോലീസ്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സഹപ്രവർത്തകർക്ക് അയച്ച മെമ്മോ ആണ് വൈറലായിരിക്കുന്നത്. സംഭവം ചർച്ചയായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
‘ഡി.ഐ.ജിയുടെ ഔദ്യോഗിക വസതിയിൽ ഒരു ആപ്പിൾ മരം ഉണ്ട്. അതിനാൽ വസതിയിൽ നിലയുറപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാർഡുകൾ വൃക്ഷത്തെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കണം. അല്ലെങ്കിൽ, കാവൽക്കാർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും, ഇതായിരുന്നു മെമ്മോയുടെ ഉള്ളടക്കം.
എന്നാൽ ഇത്തരമൊരു മെമ്മോയെക്കുറിച്ച് ഡി.ഐ.ജി. ഓഫീസിന് യാതൊരു അറിവുമില്ലെന്നും, ആരാണ് മെമ്മോ നൽകിയതെന്ന അന്വേഷണം നടത്തി വരികയാണെന്നും, വിഷയത്തിൽ ഉടനടി റിപ്പോർട്ട് സമർപ്പിക്കുമെന്നും, ഗർവാൾ റേഞ്ച് ഐ.ജി. നീര് ഗാർഗ് അറിയിച്ചു.
ഡി.ഐ.ജി ഓഫീസിന് വേണ്ടി പൗരിയിലെ സർക്കിൾ ഓഫീസറാണ് ജൂൺ 14ന് മെമ്മോ ഇറക്കിയത്. ഡി.ഐ.ജി ഗാർഗിന് പൗരിയിൽ ഓഫീസ് ഉണ്ടെങ്കിലും ഡെറാഡൂണിലെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് കാര്യങ്ങൾ നിയന്ത്രിക്കാറ്. മെമ്മോയിൽ പറയും പോലെ ഒരു മരവും സംരക്ഷിക്കാൻ താൻ മെമ്മോ നൽകിയിട്ടില്ലെന്ന് ഡി.ഐ.ജി. പറഞ്ഞു.
മെമ്മോ വൈറലായതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ഡി.ഐ.ജി ഉത്തരവിടുകയായിരിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here