Advertisement

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയിക്കുന്നതിന് മുൻഗണന; രാഹുൽ ദ്രാവിഡ്

June 27, 2021
1 minute Read

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയിക്കുന്നതിനാണ് മുൻഗണനയെന്ന് രാഹുൽ ദ്രാവിഡ്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് പോയിരിക്കുകയാണ് എന്നതിനാല്‍ ലഭ്യമായ മറ്റ് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്നത്.

“ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മൂന്ന് ടി20 മത്സരങ്ങള്‍ മാത്രമേ കളിക്കുന്നുള്ളൂ. ഇവ മൂന്നും ലങ്കന്‍ പരമ്പരയിൽ ഉള്ളതാണ്. ലോകകപ്പ് ടീം ഘടന എങ്ങനെ വേണമെന്നതിനെ പറ്റി സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടാകും. വളരെ ചുരുക്കം സ്ഥാനങ്ങളിലേക്ക് മാത്രമാകും ഇനി കളിക്കാരെ ആവശ്യമായുള്ളത്. ലോകകപ്പിന് മുന്‍പ് ഐപിഎല്ലും വരുന്നതിനാല്‍ ഇതിലൂടെയും താരങ്ങളെ കണ്ടെത്താന്‍ അവര്‍ ഉദ്ദേശിക്കുന്നുണ്ടാകും. ചില സെലക്ടര്‍മാര്‍ ഞങ്ങളോടൊപ്പം ലങ്കയിലേക്കു വരുന്നുണ്ട്. അവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും.

ഇംഗ്ലണ്ടിലെ ടീം മാനേജ്‌മെന്റുമായി അധികം ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ തിരക്കിലായിരുന്നു അവര്‍ എന്നതിനാലാണ് അവരെ അധികം ബുദ്ധിമുട്ടിക്കാഞ്ഞത്. മത്സരം കഴിഞ്ഞ സ്ഥിതിക്ക് അവരുമായി ചര്‍ച്ച നടത്തി വേണ്ട കാര്യങ്ങള്‍ കൈക്കൊള്ളാനുള്ള തീരുമാനം ഉണ്ടാകും” – ദ്രാവിഡ് പറഞ്ഞു.

ലങ്കയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലക്ഷ്യമിടുന്ന ഇന്ത്യന്‍ കളിക്കാരുണ്ട്. സ്വന്തം സ്ഥാനം നേടിയെടുക്കന്നതിനേക്കാള്‍ പരമ്ബര നേടുക എന്ന ലക്ഷ്യത്തിനാകും ഇന്ത്യന്‍ സംഘം പോരാടുക എന്ന് ദ്രാവിഡ് പറഞ്ഞു. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരങ്ങള്‍ക്ക് കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നു ദ്രാവിഡ് വ്യക്തമാക്കി.

ഇംഗ്ളണ്ടിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സംഘവുമുള്ളത് എന്നതിനാല്‍ മറ്റൊരു പരിശീലക സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു ബിസിസിഐ. അങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ദ്രാവിഡില്‍ എത്തിച്ചേരുന്നത്. നേരത്തേ ഇന്ത്യന്‍ എ ടീമിനെയും അണ്ടര്‍ 19 ടീമിനെയും ദ്രാവിഡ് പരീലിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിനു സീനിയര്‍ ടീമിന്റെ പരിശീലകനാവാന്‍ അവസരം ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top