മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എന്‍ഒസി റദ്ദാക്കും; നടപടി ദേവികുളം സബ്കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി റദ്ദാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 2018ന് ശേഷം വില്ലേജ് ഓഫീസുകള്‍ നല്കിയ എന്‍ഒസികള്‍ റദ്ദാക്കാനാണ് ഇടുക്കി ജില്ലാ കളക്ടറുടെ തീരുമാനം. കാലാവധി കഴിഞ്ഞ എന്‍ഒസികളുടെ മറവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ദേവികുളം സബ്കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി റദ്ദുചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
2018ല്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്കിയ എന്‍ഒസികളുടെ മറവില്‍ വാണിജ്യാവശ്യത്തിനായുള്ള അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നതായി ദേവികുളം സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഇത്തരം എന്‍ഒസി ഉപയോഗിച്ച് ഇപ്പോഴും കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച ജില്ലാ കളക്ടര്‍ എന്‍ഒസികള്‍ റദ്ദുചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വന്റിഫോറിനോട് വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ എന്‍ഒസികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 2019ലാണ് ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയത്. ഗാര്‍ഹിക ആവശ്യത്തിനായി 1500 സ്ക്വയര്‍ ഫീറ്റില്‍ താഴെയുള്ള നിര്‍മാണത്തിനായിരുന്നു എന്‍ഒസി. ഈ ഉത്തരവും വ്യാപകമായി ലംഘിക്കപ്പെട്ടതായും കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here