Advertisement

യൂറോ കപ്പ്: ശരിക്കും ‘മരിച്ച്’ മരണഗ്രൂപ്പ്

June 30, 2021
2 minutes Read
euro teams lost quarter

യൂറോ കപ്പ് ഫിക്സ്ചറുകൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും കണ്ണുടക്കിയത് ഗ്രൂപ്പ് എഫിലായിരുന്നു. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ, മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി, പിന്നെ ബലിയാടായി ഹംഗറി എന്നിവരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു പോലെ വമ്പന്മാർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഹംഗറി പുറത്തായി. എന്നാൽ കളി തുടങ്ങുന്നത് അവിടെയല്ല.

പ്രീക്വാർട്ടറിലാണ് കളി ആരംഭിക്കുന്നത്. പോർച്ചുഗലാണ് ഗ്രൂപ്പ് എഫിൽ നിന്ന് ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്. തിങ്കളാഴ്ച ബെൽജിയത്തിനെതിരെയായിരുന്നു കളി. ദോഷം പറയരുതല്ലോ, പോർച്ചുഗൽ മരിച്ചുകളിച്ചു. ലോക ചാമ്പ്യന്മാരെ പലപ്പോഴും ക്രിസ്ത്യാനോയും കൂട്ടരും പരീക്ഷിച്ചു. പക്ഷേ, കളി അവസാനിക്കുമ്പോൾ അനിയൻ ഹസാർഡിൻ്റെ ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റിൽ ബെൽജിയത്തിന് ഒരു ഗോൾ ജയം. പോർച്ചുഗൽ പുറത്ത്. മരണഗ്രൂപ്പിൽ മരണം ഒന്ന്.

ഇന്നലെ മരണ ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിൽ എത്തിയ രണ്ട് ടീമുകൾക്കും കളിയുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ, ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസ് റാങ്കിംഗിൽ 13 ആമതുള്ള സ്വിറ്റ്സർലൻഡിനെ നേരിടുന്നു. 15ആം മിനിട്ടിൽ സെഫരവിച്ചിലൂടെ സ്വിസ് ആദ്യ വെടി പൊട്ടിക്കുന്നു. കായികലോകം അമ്പരന്നു. അതിലും വലിയ അമ്പരപ്പ് വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. 57, 59 മിനിട്ടുകളിൽ കരീം ബെൻസേമയും 75ആം മിനിട്ടിൽ പോൾ പോഗ്ബയും ഫ്രാൻസിനായി നിറയൊഴിച്ചപ്പോൾ ക്വാർട്ടറിൽ നമുക്ക് എതിരാളികളാരെന്ന് ആരാധകർ പരതാൻ ആരംഭിച്ചു. മഹത്തായ തിരിച്ചുവരവെന്ന തലക്കെട്ടിൽ പലരും കവിതകളെഴുതി. എന്നാൽ, അങ്ങനങ്ങ് പോയാലോ എന്ന് സ്വിറ്റ്സർലൻഡ്. ആഴ്സണലിൻ്റെ മുത്തുമണി ഗ്രാനിറ്റ് സാക്ക, സ്വിസ് ക്യാപ്റ്റൻ മൈതാനത്തെ അടക്കിഭരിച്ചപ്പോൾ 81, 90 മിനിട്ടുകളിൽ ഗോളുകളടിച്ച് അവർ കളി അധികസമയത്തേക്ക് നീട്ടുന്നു. അധിക സമയത്ത് സ്കോർ 3-3. ഷൂട്ടൗട്ടിൽ എടുത്ത അഞ്ച് കിക്കുകളും സ്വിറ്റ്സർലൻഡ് വലയിലെത്തിച്ചപ്പോൾ അവസാന കിക്കിൽ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പേയ്ക്ക് പിഴയ്ക്കുന്നു. സ്വിറ്റ്സർലൻഡിന് ത്രസിപ്പിക്കുന്ന ജയം. ഫ്രാൻസ് പുറത്ത്. മരണഗ്രൂപ്പിൽ മരണം രണ്ട്.

ഇന്നലെത്തന്നെ നടന്ന രണ്ടാം മത്സരത്തിൽ ചിരവൈരികളായ ജർമ്മനി ഇംഗ്ലണ്ടിനെ നേരിടുന്ന. ലോക്കിം ലോ എന്ന ടാക്ടീഷ്യനു മുന്നിൽ ഗാരത് സൗത്ത്ഗേറ്റ് എന്ന പ്രതിഭാശൂന്യനായ പരിശീലകൻ തകരുമെന്നും ജർമ്മനി ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കുമെന്നുമൊക്കെയായിരുന്നു പ്രവചനങ്ങൾ. ഗ്രൂപ്പ് മത്സരം കണ്ടവർ അങ്ങനെ വിധിയെഴുതിയതിൽ തെറ്റ് പറയാനും കഴിയില്ല. എന്നാൽ, 3-4-3 എന്ന ഫോർമേഷനിൽ ജർമ്മനിയുടെ സ്പീഡി ഗെയിമിനെ വരിഞ്ഞുമുറുക്കി സൗത്ത്ഗേറ്റ് ടീമിന അണിനിരത്തിയപ്പോൾ ജോക്കിം ലോയുടെ ജർമ്മനി പകച്ചു. 69ആം മിനിട്ടിൽ സൗത്ത്ഗേറ്റിൻ്റെ മാസ്റ്റർ മൈൻഡ് സബ്. ബുക്കായോ സാക്കയ്ക്ക് പകരം ജാക്ക് ഗ്രീലിഷ് കളത്തിലേക്ക്. പിന്നെ കളി ഇംഗ്ലണ്ട് നിയന്ത്രിച്ചു. 75ആം മിനിട്ടിൽ റഹീം സ്റ്റെർലിങിലൂടെ ആദ്യ ഗോളടിച്ച ഇംഗ്ലണ്ട് 86ആം മിനിട്ടിൽ ഹാരി കെയ്നിലൂടെ ഗോൾവേട്ട പൂർത്തിയാക്കി. 55 വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു പ്രധാന ടൂർണമെൻ്റിൻ്റെ നോക്കൗട്ടിൽ ജർമ്മനിക്കെതിരെ ഇംഗ്ലണ്ടിനു ജയം. ജർമ്മനി പുറത്ത്. ഡീ (ഡൈ) മാൻഷാഫ്റ്റ്.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വമ്പന്മാരോടും പൊരുതിക്കളിച്ച് 2 സമനില പിടിച്ച് കീഴടങ്ങിയ ഹംഗറിയെപ്പറ്റി ഈ ഘട്ടത്തിൽ ഓർമ്മിക്കുന്നു.

Story Highlights: euro cup three teams lost in pre quarter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top