Advertisement

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ പോരാടിയ സി ശങ്കരൻ നായരുടെ ബയോപിക്കുമായി കരൺ ജോഹർ

June 30, 2021
2 minutes Read
Karan Johar Sankaran Nair

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ പോരാടിയ സി ശങ്കരൻ നായരുടെ ബയോപിക്കുമായി കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡൻ്റും അഭിഭാഷനും കൂടിയായ ശങ്കരൻ നായരാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ പോരാടിയത്.

ശങ്കരൻ നായരുടെ ചെറുമകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്നെഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ’ എന്ന പുസ്തകത്തിൽ നിന്നാണ് സിനിമയൊരുങ്ങുന്നത്. പുതുമുഖം കരൺ സിംഗ് ത്യാഗിയാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. വാർത്താകുറിപ്പിലൂടെ ധർമ പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 15നാണ് ചേറ്റൂർ ശങ്കരൻ നായരുടെ ജനനം. കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1879-ൽ നിയമബിരുദം നേടി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇൻഡ്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904-ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912ൽ അദ്ദേഹത്തിന് സർ പദവിയും നൽകി.

1897-ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് അദ്ദേഹം വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും മാർഷൽ നിയമത്തിനെതിരെയും അദ്ദേഹം പോരാടി. ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ കോൺഗ്രസിൽ നിന്ന് അകന്ന അദ്ദേഹം, നിസ്സഹകരണ പ്രസ്ഥാനങ്ങൾ അടക്കമുള്ള ഗാന്ധിജിയുടെ നിലപാടുകളെ വിമർശിച്ചു. 1934 ഏപ്രിൽ 22-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

Story Highlights: Karan Johar announces film on lawyer activist C Sankaran Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top